കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നടപടികൾക്കായി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ പാലായിലെത്തിയത് വൈദികരുടെ അകമ്പടിയിൽ.  രാവിലെ ഒമ്പതരയോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ പാലായിലെത്തിയത്. ഭരണങ്ങാനത്ത് വന്നിറങ്ങുമ്പോൾ ഫ്രാങ്കോ മുളയ്ക്കലിന് അകമ്പടിയായി വണ്ടി നിറയെ വൈദികർ. ജലന്ധറിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള വൈദികരായിരുന്നു ഫ്രാങ്കോയ്ക്ക് ഒപ്പം. 

വാഹനം നിർത്തി ഫ്രാങ്കോയും വൈദികരും അടങ്ങിയ സംഘം നേരെ ഭരണങ്ങാനത്തെ അൽഫോൺസാമ്മ കബറിടത്തിലേക്ക്. മൊഴി അടങ്ങിയ ഡയറി കബറിൽ വച്ച് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയതും ബിഷപ്പ് ഫ്രാങ്കോ തന്നെയാണ്.  "അൽഫോൺസാമ്മയുടെ മധ്യസ്ഥതതയിൽ നിരപരാധിത്വം തെളിയിക്കണേ കുറ്റവിമുക്തനാകണമെ  പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചിരിയോടെ തരണം ചെയ്യാൻ ശക്തിതരണേ"  തുടങ്ങിയ വിശദമായ പ്രാർത്ഥനയ്ക്ക് ശേഷം ചിരിച്ച് കൊണ്ടാണ് ഫ്രാങ്കോ പുറത്തിറങ്ങിയത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും ചിരി മാത്രമായിരുന്നു മറുപടി. 

തുടർന്ന്  അൽഫോൺസാ ചാപ്പലിലും സംഘമെത്തി. അവിടെ നിന്നാണ് പാലാ മജിസ്ട്രേറ്റ് കോടതിയിലേക്ക് യാത്ര തിരിച്ചത്. വൈദികർക്ക് പുറമെ മുളയ്ക്കൽ കുടുംബാംഗങ്ങളും കോടതിയിലുണ്ടായിരുന്നു.  വൈദികരേയും കുടുംബാംഗങ്ങളേയും കൊണ്ട് കോടതിക്ക് അകവും നിറഞ്ഞു കവിഞ്ഞിരുന്നു. 

പത്ത് മണിക്ക് കോടതിയിലെത്തിയെങ്കിലും അരമണിക്കൂറിന് ശേഷമാണ് ഫ്രാങ്കോയുടെ കേസ് പരിഗണനയ്ക്ക് എടുത്തത്. പത്ത് മിനിറ്റു കൊണ്ട് കോടതി നടപടികൾ പൂർത്തിയായി. വൈദികർക്കൊപ്പം ടെംപോ ട്രാവലറിൽ സംഘമായി തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ മടങ്ങിയതും. 

പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ മജിസ്ട്രേട്ട് കോടതി ജാമ്യം നീട്ടി നല്‍കി. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടേയും പകർപ്പ് നൽകി. കേസ് ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും