Asianet News MalayalamAsianet News Malayalam

ദുരന്തത്തെ മറികടക്കാൻ ഒരുമിച്ചുനിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം

സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രളയം ശേഷിപ്പിച്ച ദുരിതം നേിടാൻ എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് ഒരു മനസ്സോടെ കൈകോർക്കുകയാണ് കേരളം. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്ന് വ്യക്തികളുടേയും സംഘടനകളുടേയും വലുതും ചെറുതുമായ സഹായം എത്തിക്കൊണ്ടിരിക്കുന്നു. സഹജീവിതങ്ങൾക്ക് കൈത്താങ്ങാകാൻ എല്ലാവരും അവരവരുടെ ആസ്തിക്കനുസരിച്ചുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുകയാണ്. ഒരു പായ്ക്കറ്റ് ബിസ്കറ്റ് വാങ്ങാൻ തികയുമെങ്കിൽ അതാവട്ടെ എന്നുപറഞ്ഞ് പോക്കറ്റ് മണിയിൽ നിന്ന് ചെറിയ തുക നിക്ഷേപിക്കുന്ന വിദ്യാർത്ഥികൾ മുതൽ കോടികൾ സംഭാവന ചെയ്ത വ്യവസായ പ്രമുഖർ വരെയുണ്ട് ആ പട്ടികയിൽ.

തിരുവനന്തപുരം: സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രളയം ശേഷിപ്പിച്ച ദുരിതം നേിടാൻ എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് ഒരു മനസ്സോടെ കൈകോർക്കുകയാണ് കേരളം. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്ന് വ്യക്തികളുടേയും സംഘടനകളുടേയും വലുതും ചെറുതുമായ സഹായം എത്തിക്കൊണ്ടിരിക്കുന്നു. സഹജീവിതങ്ങൾക്ക് കൈത്താങ്ങാകാൻ എല്ലാവരും അവരവരുടെ ആസ്തിക്കനുസരിച്ചുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുകയാണ്. ഒരു പായ്ക്കറ്റ് ബിസ്കറ്റ് വാങ്ങാൻ തികയുമെങ്കിൽ അതാവട്ടെ എന്നുപറഞ്ഞ് പോക്കറ്റ് മണിയിൽ നിന്ന് ചെറിയ തുക നിക്ഷേപിക്കുന്ന വിദ്യാർത്ഥികൾ മുതൽ കോടികൾ സംഭാവന ചെയ്ത വ്യവസായ പ്രമുഖർ വരെയുണ്ട് ആ പട്ടികയിൽ.

കർണ്ണാടക സർക്കാർ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വ്യവസായിയായ എംഎ യൂസഫ് അലി 5 കോടി രൂപയാണ് നൽകിയത്. യുഎഇ എക്സ്ചേഞ്ച് ചെയർമാൻ ബിആർ ഷെട്ടി 2 കോടി രൂപ നൽകി, ഡിഎംകെ 1 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. എൻജിഒ യൂണിയൻ 38 ലക്ഷം രൂപയും, കെഎസ്ടിഎ 24 ലക്ഷം രൂപയും സംഭാവന നൽകി. നടൻ കമൽ ഹാസൻ 25 ലക്ഷവും, കാർത്തി - സൂര്യ എന്നിവർ ചേർന്ന് 25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നറിയിച്ചു. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ നൽകും. തമിഴ്നാട് നടികർ സംഘം 5 ലക്ഷം രൂപ നൽകും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക പിരിച്ചുനൽകാൻ കമൽഹാസൻ തന്‍റെ ആരാധകരോട് ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒരു മാസത്തെ ശമ്പളത്തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർ ഒരു ദിവസത്തെ ശമ്പളത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ചെറുതും വലുതുമായ സഹായധനം ദുരിതാശ്വാസ നിധിയിലേക്ക് അയച്ച നൂറുകണക്കിന് ആളുകൾ അതിന്‍റെ രസീതും ഓൺലൈൻ ട്രാൻസാക്ഷൻ സ്റ്റേറ്റ്മെന്‍റും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ‘ഡൊണേഷൻ ചലഞ്ച്’ എന്ന വ്യത്യസ്തമായ കാമ്പെയിനിൽ പങ്കാളികളാകുന്നു, ചലഞ്ചിന്‍റെ ഭാഗമല്ലാതെയും നൂറുകണക്കിനാളുകൾ സ്വമേധയാ സാമൂഹ്യമാധ്യമങ്ങളിലൂടെ സഹായം പ്രഖ്യാപിക്കുന്നുണ്ട്.

ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്നത് മുതൽ ചികിത്സാ സഹായം വരെ. വൈദ്യുതിയും കുടിവള്ള വിതരണവും പുനസ്ഥാപിക്കുന്നതു മുതൽ വീടുകളും റോഡുകളും പാലങ്ങളും പുതുക്കിപ്പണിയുന്നത് വരെ. സേനാവിഭാഗങ്ങളുടേയും ദുരിതാശ്വാസ പ്രവ‍ർത്തകരുടേയും ദൈനംദിന ചെലവുകൾ മുതൽ ദുരിതാശ്വാസ ക്യാമ്പുകളിലെ ചെലവുകൾ വരെ, വെള്ളം കയറിയ വീടുകളും തെരുവുകളും വൃത്തിയാക്കുന്നത് മുതൽ പാടേ തകർന്ന കാർഷികമേഖലയെ കൈപിടിച്ചുയർത്തുന്നത് വരെ. ദുരിതാശ്വാസത്തിന് അതിഭീമമായ തുക ഇനിയും ആവശ്യമുണ്ട്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് പ്രളയജലം സംസ്ഥാനത്തിന് ഉണ്ടാക്കിയത്.

കൈകോർക്കാം. ഈ പ്രളയക്കെടുതിയെ നമുക്ക് ഒരു മനസ്സോടെ നേരിടാം. നമുക്കോരോരുത്തർക്കും കഴിയുന്നത്ര തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാം.

സഹായധനം അയച്ചുനൽകേണ്ട അക്കൗണ്ട് വിശദാംശങ്ങൾ

CM’S Disaster Relief Fund

A/C No: 6731 9948 232
IFSC: SBIN0070028

SBI City Branch, Thiruvananthapuram.