Asianet News MalayalamAsianet News Malayalam

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക്; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി, തീരുമാനം കളക്ടറുടേത്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിപ്പിൽ നിന്ന്  വിലക്കിയതിൽ തൽക്കാലം ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അന്തിമ തീരുമാനം കളക്ചറുടേതെന്ന് കോടതി

high court wont interfere Thechikottukavu Ramachandran ban
Author
Kochi, First Published May 10, 2019, 10:40 AM IST

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ കേസിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു.തൃശൂർ പൂരത്തിന്‍റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ആരോഗ്യ പ്രശ്നങ്ങളുള്ളതും അപകടകാരിയുമായ ആനയെ പൂരം എഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. എഴുന്നെള്ളിപ്പിൽ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹർജിക്കാർക്കുള്ളത്. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് ഒഴിവാക്കിയില്ലെങ്കിൽ ആഘോഷങ്ങൾക്ക് ആനകളെ ആകെ വിട്ടു നൽകില്ലെന്ന നിലപാടുമായി ആന ഉടമകൾ രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. 

കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ പ്രശ്നത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സർക്കാരിന് മുന്നിലെത്തുകയാണ്. നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനനുസരിച്ച് എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ട് തീരുമാനം വരുമെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം

 

Follow Us:
Download App:
  • android
  • ios