Asianet News MalayalamAsianet News Malayalam

ഭര്‍ത്താവ് കുളിയ്ക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയുമില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനില്‍

വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Husband avoids shave and bath; woman seek divorce
Author
Patna, First Published Jan 11, 2020, 12:43 PM IST

പട്ന: ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നില്ലെന്നാരോപിച്ച് യുവതി വിവാഹ മോചനമാവശ്യപ്പെട്ട്  വനിതാ കമ്മീഷനെ സമീപിച്ചു. ദുര്‍ഗന്ധം കാരണം ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. ഭര്‍ത്താവ് ആചാര്യമര്യാദകള്‍ പാലിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ(23) വനിതാ കമ്മീഷനെ സമീപിച്ചത്.

വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. നയാഗാവ് ഗ്രാമത്തിലാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. 2017ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്. 

10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ഇയാള്‍ക്ക് അറിയില്ല. പലപ്പോഴും താന്‍ അപമാനിതയായിട്ടുണ്ടെന്നും യുവതി വനിതാ കമ്മീഷനോട് പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി.

വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടു. ഭര്‍തൃമാതാവിന്‍റെ പീഡനമുണ്ടെന്നും യുവതി പരാതിപ്പെട്ടു. അതേസമയം, യുവതിയോടൊത്ത് ജീവിക്കാനാണ് താല്‍പര്യമെന്ന് ഭര്‍ത്താവ് വനിതാ കമ്മീഷനില്‍ പറഞ്ഞു. യുവതിയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്നും ഇയാള്‍ ഉറപ്പ് നല്‍കി. 
 

Follow Us:
Download App:
  • android
  • ios