Asianet News MalayalamAsianet News Malayalam

ത്രിവര്‍ണ പതാകയേന്തി ജനക്കൂട്ടം; അഭിനന്ദന് വീരോചിത സ്വീകരണമൊരുക്കാൻ വാഗ

രാജ്യത്തിന്‍റെ അഭിമാനമുയർത്തിയ പൈലറ്റിനെ  സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പ്രദേശവാസികൾ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് മുദ്രാവാക്യങ്ങളുമായി അഭിനന്ദനെ സ്വീകരിക്കാനായി എത്തിയിരിക്കുന്നത്.

india gets ready to welcome its hero abhinandan
Author
Wagah, First Published Mar 1, 2019, 12:04 PM IST

വാ​ഗ: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ തിരികെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വാ​ഗ അതി‌ർത്തിയിലെ പൊതുജനങ്ങളും പൊലീസ് ഉദ്യോ​ഗസ്ഥരും. ദേശീയ പതാകയും മധുരവും ബാൻഡ് മേളവുമൊക്കെയായി വാ​ഗ അതി‌ർത്തിക്കിപ്പുറം നിലയുറപ്പിച്ചിരിക്കുകയാണ് ജനങ്ങൾ.  

രാജ്യത്തിന്‍റെ അഭിമാനമുയർത്തിയ പൈലറ്റിനെ  സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പ്രദേശവാസികൾ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് മുദ്രാവാക്യങ്ങളുമായി അഭിനന്ദനെ സ്വീകരിക്കാനായി എത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ യശസ്സുയർത്തിയ വീരപുത്രനാണ് അഭിനന്ദനെന്നും അദ്ദേഹത്തെ അഭിമാനപൂ‌ർവ്വം സ്വീകരിക്കുമെന്നും പ്രദേശവാസികൾ പറയുന്നു. പാക് പട്ടാളത്തിന്‍റെ മുമ്പിൽ പതറാതെ തലയുയർത്തി നിന്ന വിം​ഗ് കമാൻഡറോട് വലിയ ബ​ഹുമാനവും സ്നേഹവുമാണ് ജനം പ്രകടിപ്പിക്കുന്നത്. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ‌ർ സിം​ഗ് അഭിനന്ദനെ സ്വീകരിക്കാനായി വാ​ഗ അതി‌ർത്തിയിലെത്തും, പ്രതിരോധ മന്ത്രി നി‌ർമ്മല സീതാരാമനും അഭിനന്ദനെ കൈമാറുന്നത് കാണുവാനായി അതി‌ർത്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും വാ​ഗ അതിർത്തിയിൽ എത്തും. നിലവിൽ കുടുംബം അമൃത്സറിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. 

കനത്ത സുരക്ഷയാണ് വാ​ഗ അതി‌ർത്തിയിലൊരുക്കിയിരിക്കുന്നത്. അതി‌ർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ഇപ്പുറം വരെയാണ് പൊതു ജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പ്രവേശനം നൽകിയിരിക്കുന്നത്. 

പാക് സൈന്യം റെഡ് ക്രോസിനായിരിക്കും അഭിനന്ദനെ കൈമാറുക. തുട‌ർന്ന് റെഡ്ക്രോസ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറും. 

Follow Us:
Download App:
  • android
  • ios