Asianet News MalayalamAsianet News Malayalam

കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍; കൂട്ടുകക്ഷി സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബിജെപി

  • കര്‍ണാടകത്തില്‍ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മൂന്ന് ലോക്‌സഭാ സീറ്റുകളിലെയും രണ്ട് നിയമസഭാ സീറ്റുകളിലെയും വോട്ടുകളാണ് എണ്ണുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനും നിര്‍ണായകമാണ് ഫലം.
Karnataka by-poll results today
Author
Bengaluru, First Published Nov 6, 2018, 6:25 AM IST

ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മൂന്ന് ലോക്‌സഭാ സീറ്റുകളിലെയും രണ്ട് നിയമസഭാ സീറ്റുകളിലെയും വോട്ടുകളാണ് എണ്ണുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനും നിര്‍ണായകമാണ് ഫലം.

ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ഷിമോഗയും ബെല്ലാരിയും ജെഡിഎഫിന്റെ മാണ്ഡ്യയുമാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ സീറ്റുകള്‍. മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ച രാമനഗരയും കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സിദ്ധുന്യാമഗൗഡ അന്തരിച്ച ജംഖണ്ഡിയും പോളിങ് ബൂത്തിലെത്തിയ നിയമസഭാ സീറ്റുകള്‍. ബി.എസ് യെദ്യൂരപ്പയും ബി. ശ്രീരാമലുവും ജയിച്ചുകയറിയ  ബെല്ലാരിയും നിലനിര്‍ത്തുകയാണ് ബിജെപിക്ക് വെല്ലുവിളി. 

യെദ്യൂരപ്പ നേടിയ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കുറയ്ക്കാനായാല്‍ ഭരണസഖ്യത്തിന് നേട്ടം. യെദ്യൂരപ്പയുടെ മകന്‍ രാഘവേന്ദ്രയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയും തമ്മിലാണ് പോരാട്ടം. ബെല്ലാരിയില്‍ പ്രതീക്ഷവെക്കുന്ന കോണ്‍ഗ്രസ് ശ്രീരാമലുവിന്റെ സഹോദരി ശാന്തയെ തോല്‍പ്പിക്കാന്‍ കെ സി ഉഗ്രപ്പക്കാവുമെന്ന ഉറപ്പിലാണ്. 

ഏഴില്‍ ഏഴ് നിയമസഭാ സീറ്റുകളും ജെഡിഎസ് ജയിച്ച മാണ്ഡ്യയില്‍ ബിജെപിക്ക് പ്രതീക്ഷയില്ല. സ്വന്തം സ്ഥാനാര്‍ത്ഥി വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാമനഗരയിലും സമാന സ്ഥിതി. ഇവിടെ മുഖ്യമന്ത്രിയുടെ ഭാര്യ അനിതാ കുമാരസ്വാമി അനായാസ ജയം ഉറപ്പിക്കുന്നു. കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് പരീക്ഷണമാണ് തെരഞ്ഞെടുപ്പ്. 

ഒന്നിച്ചുനിന്നാലുളള കരുത്ത് അളക്കുന്നതാവും ഫലം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാലിടറിയ ബിജെപിക്കും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ മികച്ച ജയം അനിവാര്യമാണ്. ഫലം വരുമ്പോള്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശ വാദം. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക.

Follow Us:
Download App:
  • android
  • ios