Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്‍റേത് വൈര്യനിര്യാതന നിലപാട്; ഒറ്റക്കെട്ടായി നിന്ന് ഇത് തിരുത്തിക്കണം; കോടിയേരി

ഇന്ത്യാ ഗവണ്‍മെന്റ്‌ വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്‌. ലോകബാങ്ക്‌, അന്താരാഷ്ട്രനാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്‌, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്‌

Kodiyeri Balakrishnan against modi government on uae kerala relief fund
Author
Thiruvananthapuram, First Published Aug 23, 2018, 12:28 PM IST

തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കാനുള്ള ശ്രമത്തിലാണ് കേരളം. വലിയ തോതിലുള്ള സഹായ വാഗ്ദാനങ്ങള്‍ യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങലില്‍ നിന്നും ഉണ്ടായെങ്കിലും  കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഫണ്ടിന്‍റെ ലഭ്യതയെ ബാധിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് വിദേശ രാജ്യങ്ങളുടെ  സഹായ ധനം വേണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നരപതിറ്റാണ്ടായി സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ പ്രളയത്തിന്‍റെ പേരില്‍ ഇത് തിരുത്തില്ലെന്നാണ്  മോദി സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണിതെന്ന ആരോപണവുമായി  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കരുതെന്ന സംഘപരിവാറിന്‍റെയും സേവാ ഭാരതിയുടെയും ആഹ്വാനത്തിന്റെ ഭാഗമാണ്‌ ബി ജെ പി സര്‍ക്കാരിന്റെ ഈ നിലപാടെന്നാണ് കോടിയേരിയുടെ പക്ഷം.  കേരളം ഒന്നിച്ച് നിന്ന് മോദി സര്‍ക്കാരിന്‍റെ നിലപാട് തിരുത്തിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കോടിയേരി ആവശ്യപ്പെട്ടു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു എ ഇ വാഗ്‌ദാനം ചെയ്‌ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നല്‍കരുതെന്ന സംഘപരിവാറിന്‍റെയും സേവാ ഭാരതിയുടെയും ആഹ്വാനത്തിന്റെ ഭാഗമാണ്‌ ബി ജെ പി സര്‍ക്കാരിന്റെ ഈ നിലപാട്‌.

ഐക്യരാഷ്ട്രസഭയും യു എ ഇ ഗവണ്‍മെന്റും, ഖത്തര്‍ ഗവണ്‍മെന്റും കേരളത്തിന്‌ സഹായം വാഗ്‌ദാനം ചെയ്‌തുകഴിഞ്ഞു. ഇതു സ്വീകരിക്കാന്‍ പാടില്ല എന്നാണ്‌ കേന്ദ്ര നിലപാടെങ്കില്‍ വാഗ്‌ദാനം ചെയ്‌ത തുകയ്‌ക്ക്‌ തുല്യമായ തുക അധികമായി കേരളത്തിനനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ സന്നദ്ധമാകണം.

പ്രളയകെടുതിക്കു വിധേയമായ ജനങ്ങളെ പുനരധിവസിപ്പിക്കാനും, പുതിയൊരു കേരളം സൃഷ്ടിക്കാനും ദൃഢപ്രതിജ്ഞയോടു കൂടി സംസ്ഥാനഗവണ്‍മെന്റ്‌ രംഗത്തിറങ്ങിയിരിക്കുകയാണ്‌. ഇതിനു സര്‍വ്വകക്ഷി യോഗം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഇന്ത്യാ ഗവണ്‍മെന്റ്‌ വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്‌. ലോകബാങ്ക്‌, അന്താരാഷ്ട്രനാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്‌, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്‌. മറ്റുരാജ്യങ്ങളെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്‌. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ബംഗ്ലാദേശ്‌ തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളെ ഇന്ത്യ സഹായിച്ചതാണ്‌. ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കില്‍ അതിനൊരു മാറ്റം വരുത്തിക്കൊണ്ട്‌ ഇപ്പോള്‍ വാഗ്‌ദാനം ചെയിതിട്ടുള്ള സഹായങ്ങള്‍ കേരളത്തിനു ലഭ്യമാക്കുന്നതിനുളള ഇടപെടലുകള്‍ ഉണ്ടാകണം.

കേരളനിയമസഭ ഇക്കാര്യം ഐകകണ്‌ഠേന ആവശ്യപ്പെടണം. കേരള ജനതയുടെ ഈ ആവശ്യത്തിനുമുന്നില്‍ ഒറ്റക്കെട്ടായി നിന്നു കേന്ദ്രഗവണ്‍മെന്റിന്റെ നിലപാടു തിരുത്തിക്കണം.

 

Follow Us:
Download App:
  • android
  • ios