കാടിൻ്റേയും വന്യജീവികളുടേയും തോഴനായ അതിരപ്പിള്ളിയിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ. വാസുദേവൻ (46) അന്തരിച്ചു. ശനിയാഴ്ച വീട്ടിലെ വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴേക്കു വീണ് പരിക്കേൽക്കുകയായിരുന്നു. 

പുറമേക്ക് നിസ്സാരപരിക്കുകളേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഞായറാഴ്ച രാവിലെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തു. വീഴ്ചയെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്ന് ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു. 

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ അതിരപ്പിള്ളിയിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

വണ്ടിയിടിച്ചു ചത്ത ആൺവേഴാമ്പലിൻ്റെ കൂടുകണ്ടെത്തി അമ്മവേഴാമ്പലിനും കുഞ്ഞിനും ഭക്ഷണമെത്തിച്ച സംഭവത്തോടെയാണ് ബൈജു വാസുദേവനെന്ന പരിസ്ഥിതി പ്രവർത്തകനെ പുറംലോകം അറിയുന്നത്. അവസാനകാലത്ത് ശാന്തിവനം സംരക്ഷണസമരത്തിലും സജീവമായിരുന്നു ബൈജു. കാട്ടിൽ വേട്ടയാടി ജീവിച്ചിരുന്ന കൗമാരകാലത്തിൽ നിന്നും കാടിൻ്റേയും വന്യജീവികളുടേയും സംരക്ഷകനായി മാറിയ വിസ്മയിപ്പിക്കുന്ന ജീവിതമായിരുന്നു ബൈജു വാസുദേവിൻ്റേത്. 

വന്യജീവി ഫോട്ടോഗ്രാഫറും നടനുമായിരുന്ന ബൈജു കാടിനെക്കുറിച്ച് അറിയാനെത്തുന്ന പ്രകൃതിസ്നേഹികൾക്ക് പ്രധാന വഴികാട്ടിയുമായിരുന്നു. വാസുദേവൻ്റേയും നബീസയുടേയും മൂന്നുമക്കളിൽ മൂത്തയാളാണ് ബൈജു. അനീഷയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.