Asianet News MalayalamAsianet News Malayalam

മിഷന്‍ ശക്തിയുടെ വിജയത്തില്‍ മോദിക്ക് മാത്രമല്ല, നെഹ്റുവിനും പങ്കുണ്ട്...

ബഹിരാകാശ മാര്‍ഗത്തിലൂടെയുളള ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുളളവയാണ് ആന്‍റി സാറ്റലൈറ്റ് അഥവാ എസാറ്റ് മിസൈലുകള്‍. ഏകദേശം 300 കിലോമീറ്റര്‍ ഉയരത്തിലാണ്  ബഹിരാകാശത്തെ ലക്ഷ്യം വെച്ച  ഉപഗ്രഹത്തെ എസാറ്റ് തകര്‍ത്തതെന്നുള്ളതും കണക്കിലെടുക്കേണ്ട വസ്തുതയാണ്.

Nehru's contribution in mission shakti
Author
New Delhi, First Published Mar 28, 2019, 1:30 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ഇന്ത്യന്‍ പ്രതിരോധ രംഗത്തെ സുപ്രധാന നേട്ടമായാണ് കണക്കാക്കുന്നത്. മിഷന്‍ ശക്തി എന്ന് പേരിട്ട ദൗത്യം മൂന്ന് മിനിറ്റിനുള്ളില്‍  ലക്ഷ്യം കണ്ടെന്നും ബഹിരാകാശത്തെ ലക്ഷ്യം വെച്ച ഉപഗ്രഹത്തിനെ തകര്‍ത്തുവെന്നും  പ്രധാനമന്ത്രി പറഞ്ഞു. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുകയാണ്. എന്നാല്‍ മോദിയുടെ ഭരണകാലത്തെ നേട്ടം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതല്ല, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍ററെ പേരും ഈ വിജയചരിത്രത്തിന്‍റെ ഭാഗമാണ്. ഇന്ത്യന്‍ ബഹിരാകാശത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കാര്‍ത്തിക് ബൊമ്മാകാന്തിയാണ് മിഷന്‍ ശക്തിക്ക് പിന്നിലെ നെഹ്റുവിന്‍റെ പങ്കിനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുന്നത്. 

 ബഹിരാകാശത്തുള്ള ആക്രമണങ്ങളെ തടയാന്‍ ഇന്ത്യ പ്രാപ്തരാണെന്ന് തെളിയിക്കുന്നതാണ് മിഷന്‍ ശക്തിയുടെ വിജയം. ബഹിരാകാശ മാര്‍ഗത്തിലൂടെയുളള ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുളളവയാണ് ആന്‍റി സാറ്റലൈറ്റ് അഥവാ എസാറ്റ് മിസൈലുകള്‍. ഏകദേശം 300 കിലോമീറ്റര്‍ ഉയരത്തിലാണ്  ബഹിരാകാശത്തെ ലക്ഷ്യം വെച്ച  ഉപഗ്രഹത്തെ എസാറ്റ് തകര്‍ത്തതെന്നുള്ളതും കണക്കിലെടുക്കേണ്ട വസ്തുതയാണ്. 2008 ഫെബ്രുവരിയില്‍ സമുദ്രാടിസ്ഥാനത്തിലുളള പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി അമേരിക്ക വികസിപ്പിച്ച സാറ്റലൈറ്റ് 240 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പ്രതിരോധശേഷി ഉള്ളതായിരുന്നു. മിഷന്‍ ശക്തിയുടെ വിജയത്തോടെ ഇന്ത്യയും അമേരിക്കയും ശത്രുരാജ്യങ്ങളുടെ ബഹിരാകാശ ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു. 

മിഷന്‍ ശക്തിയില്‍ നെഹ്റുവിന്‍റെ പങ്ക്...

മോദിയുടെ ഭരണകാലത്താണ് മിഷന്‍ ശക്തി വിജയിപ്പിച്ചതെങ്കിലും നെഹ്റുവിന്‍റെ കാലം മുതലുള്ള സര്‍ക്കാരുകള്‍ ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ ചെലുത്തിയിട്ടുളള നിര്‍ണായക സ്വാധീനം വിസ്മരിക്കാന്‍ കഴിയില്ല.  പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും 1969 ല്‍ സ്ഥാപിതമായ ഐഎസ്ആര്‍ഒയുടെ  മുന്‍ ചെയര്‍മാന്‍ വിക്രം സാരാഭായിയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് അടിസ്ഥാനമുണ്ടാക്കിയവരില്‍ പ്രധാനികളാണ്.  വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മിസൈല്‍ വിക്ഷേപണത്തില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനുളള പദ്ധതിയും നെഹ്റു ആവിഷ്കരിച്ചു. 1963-ലാണ് സ്വപ്ന പദ്ധതികളിലൊന്നായ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ച്(റ്റിഇആര്‍എല്‍) നടന്നത്. 1963-75 കാലയളവില്‍ ഏകദേശം 300 റോക്കറ്റുകളാണ് ഇന്ത്യ വിക്ഷേപിച്ചത്. 

മിസൈല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകളെപ്പറ്റി അറിയാനും കൂടുതല്‍ മികച്ച റോക്കറ്റുകള്‍ നിര്‍മ്മിക്കുവാനുമുള്ള പരിശീലന പരിപാടികള്‍ രാജ്യത്തെ ബഹിരാകാശ ശാസ്ത്രഞ്ജരെ വളരെയധികം സഹായിച്ചിട്ടുണ്ട്. നെഹ്റുവിന്‍റെ കാലത്ത് തുടക്കമിട്ട ഇത്തരം പരിപാടികളാണ് ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക വിദ്യയുടെ കാതല്‍. 

അതുകൊണ്ടുതന്നെ മിഷന്‍ ശക്തിയുടെ വിജയം ബിജെപിക്ക് മാത്രമല്ല, യുപിഎയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സിന്(ബിഎംഡി)  യുപിഎ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  ബിഎംഡി പദ്ധതി വഴി ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്ത എക്സോഅറ്റ്മോസ്ഫിയറിക് മിസൈലിന്‍റെ നിര്‍മ്മാണവും യുപിഎ അധികാരത്തിലിരുന്ന 2004-14 കാലയളവിലായിരുന്നു. 

മിഷന്‍ ശക്തി ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ടതാണെന്ന് പറയുമ്പോള്‍ ഈ വിജയം എന്‍ഡിഎയ്ക്കും യുപിഎയ്ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. 

Follow Us:
Download App:
  • android
  • ios