കൊച്ചി: പ്രളയദുരന്തത്തില്‍പ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവിനെ കാണാതായിട്ട് ഏഴ് ദിവസം. എറണാകുളം ഓച്ചന്തുരുത്ത് സ്വദേശി മിഥുനെയാണ് കൊച്ചി കായലില്‍ വള്ളം മറിഞ്ഞ് കാണാതായത്. കോസ്റ്റല്‍ പൊലീസും ഫിഷറീസും തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതു വരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഫോണ്‍ കോളിന് പിന്നാലെ ആണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ മിഥുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പ്രളയം എത്തിയത് മുതല്‍ പത്തടിപ്പാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്‍. ഓച്ചത്തുരുത്ത് അത്തോച്ചക്കടവില്‍ നിന്ന് പത്തടിപ്പാലത്തേക്കുള്ള യാത് തുടങ്ങവെ മിഥുനും രണ്ട് കൂട്ടു കാരും സഞ്ചരിച്ച വള്ളം മറിഞ്ഞു. വെള്ളത്തില്‍ വീണ മറ്റ് രണ്ട് പേരെയും രക്ഷിക്കാനായെങ്കിലും മിഥുന്‍ ഒഴുക്കില്‍പ്പെട്ടു. പ്രളയമൊഴിഞ്ഞ് ആളുകള്‍ വീടുകളിലേക്ക് മടങ്ങിതുടങ്ങിയെങ്കിലും  മിഥുന്‍ മാത്രം തിരിച്ചെത്തിയിട്ടില്ല.

കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഫിഷറീസ് വകുപ്പും അന്വേഷണം തുടങ്ങിയെങ്കിലും ഇത് വരെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ പോലും ആയിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.