Asianet News MalayalamAsianet News Malayalam

ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല സന്നിധാനം ക്രിമിനലുകള്‍ക്കുള്ളതല്ല ഭക്തര്‍ക്കുള്ളതാണ്. തങ്ങള്‍ പ്രത്യേക അവകാശമുള്ളവരാണ്. എന്തും ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് എന്ന് കരുതി അവിടെ തന്നെ ക്യാംപ് ചെയ്യാം എന്ന് കരുതിയാല്‍ അതു സമ്മതിക്കില്ല.

Online booking for sabarimala darshan
Author
Kollam, First Published Oct 24, 2018, 7:05 PM IST

കൊല്ലം: ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളെ മാതൃകയാക്കി ശബരിമലയിലും ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ കൊല്ലത്ത് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ഇനി മുതല്‍ സന്നിധാനത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവരെ മാത്രമേ ഒരേസമയം അവിടെ നിര്‍ത്തൂ. ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ ബേസ് ക്യാംപില്‍ നിന്നും ഘട്ടം ഘട്ടമായി സന്നിധാനത്തേക്ക് കയറ്റി വിടുന്ന സംവിധാനമായിരിക്കും നിലവില്‍ വരികയെന്നും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച ശേഷം ഈ സംവിധാനം നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വരുന്ന മണ്ഡലകാലത്ത് തന്നെ ഈ സംവിധാനം നിലവില്‍ വരുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 

കൊല്ലം പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്...
ഇന്ന് നമ്മുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം,ഏത് വഴിക്കും നടക്കാം, തൊട്ടുകൂടായ്മയും അയിത്തവും ഒന്നുമില്ല ഇതൊക്കെ വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ഒരുകാലത്ത് നമ്മുടെ സ്ത്രീകള്‍ക്ക് എല്ലാതരം ആഭരണങ്ങളും ധരിക്കാന്‍ അവകാശമില്ലായിരുന്നു. കല്ലും കുപ്പിചില്ലും ചേര്‍ത്തൊരു മാല മാത്രമേ പണ്ട് ഒരു വിഭാഗം സഹോദരിമാര്‍ക്ക് അവകാശമുണ്ടായിരുന്നുള്ളൂ. അതൊന്നും വളരെ പണ്ടല്ല. സുമാര്‍ ഒരു നൂറ് വര്‍ഷം മുന്‍പുള്ള കാര്യമാണ്. 

കല്ലുമാല ധരിക്കുന്നതിനെതിരെ ഒരു പ്രക്ഷോഭ സമ്മേളനം 1915 ഒക്ടോബര്‍ 24-ന് കൊല്ലം പെരിനാട്ടില്‍ നടന്നു. അത് കല്ലുമാല ഉപേക്ഷിക്കാനും സ്ത്രീകള്‍ക്ക് മാന്യമായി വസ്ത്രം ധരിക്കാനുമുള്ള അവകാശത്തിന് വേണ്ടിയായിരുന്നു.കല്ലുമാല പ്രക്ഷോഭം നിർണായക വിജയം കാണുന്നത് നവോത്ഥാന നായകനായ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ആ സമ്മേളനം വിളിച്ചു ചേര്‍ത്തതോടെയാണ്. 

ആ സമ്മേളനത്തില്‍ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സവര്‍ണവിഭാഗം ഏര്‍പ്പെടുത്തിയ അടിമത്തതില്‍ നിന്നും മോചനം നേടാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു. . സദസില്‍ നിന്നും രണ്ട് സ്ത്രീകളെ വിളിച്ചു വരുത്തി അദ്ദേഹം പരസ്യമായി കല്ലുമാല പറിച്ചു കളഞ്ഞ് ദൂരെ കളയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആ സമ്മേളനത്തിനെത്തിയെ നൂറുകണക്കിന് സ്ത്രീകള്‍ തങ്ങളുടെ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ചരിത്രം കുറിച്ചു.

കല്ലുമാല ധരിച്ച കാലത്ത് നിന്ന് നാം ഇവിടെയത്തിയത് ഇങ്ങനെയൊക്കെയാണ് എന്നോര്‍ക്കണം. ഏതൊരാള്‍ക്കും തന്‍റെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഈ രാജ്യത്ത് അവകാശമുണ്ട്. ഇനി മതവിശ്വാസമില്ലാത്തവര്‍ക്ക് അപ്രകാരം ജീവിക്കാനും ഭരണഘടന സംരക്ഷണം നല്‍കണം. ഭരണഘടന പിച്ചിച്ചീന്തണം എന്ന് പറയുന്നവര്‍ ഈ മതനിരപേക്ഷതയെ തകര്‍ക്കണം എന്ന ചിന്തയുള്ളവര്‍ കൂടിയാണ്. 

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യംഭരിക്കുന്ന കക്ഷി ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.  മതനിരപേക്ഷതയാണ് നമ്മളും നമ്മുടെ രാജ്യവും അംഗീകരിച്ചത്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസ് ഒരു കാലത്തും മതനിരപേക്ഷേത എന്ന ആശയം അംഗീകരിച്ചിട്ടില്ല. 

ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ പ്രത്യേകിച്ചൊരു നിലപാട് സര്‍ക്കാര്‍ എടുത്തിട്ടില്ല. പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യത്തില്‍ അവിടെ പലതരം നിലപാടുകള്‍ നേരത്തെ നിലനിന്നിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് പണ്ട് ശബരിമല സന്ദര്‍ശിച്ചപ്പോള്‍ ഒപ്പം മഹാറാണിയും ഉണ്ടായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഒരുകാലത്ത് അവിടെ പതിവായി കുട്ടികളുടെ ചോറൂണ്ണ് ചടങ്ങ് നടത്തിയിരുന്നു. ഇപ്പോള്‍ അന്‍പതും അറുപതും വയസ്സുള്ള പലരും അവിടെ അമ്മയുടെ മടിയിലിരുന്ന് ചോറൂണ്ണ് ചടങ്ങില്‍ ഉണ്ടവരാണ്. 

ഈ സംഭവത്തിലെ ഒരു പ്രധാനസാക്ഷി ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനംരാജശേഖരനാണ്. ശബരിമല തന്ത്രിക്ക് പണ്ട് കുമ്മനം രാജശേഖരന്‍ അയച്ച കത്തും തന്ത്രി അയച്ച മറുപടി കത്തും ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ ഭാഗമായി ഹൈക്കോടതിയുടെ മുന്നില്‍ എത്തിയിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ ധാരാളമായി വരുന്നതായും നൃത്തം ചെയ്യുന്നതായും വിവാഹങ്ങളും സിനിമാഷൂട്ടിംഗും നടക്കുന്നതായും ശബരിമല തന്ത്രിക്കയച്ച കത്തില്‍ കുമ്മനം പറയുന്നുണ്ട്.  

1991-ലാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വരുന്നത്. ദേവസ്വംബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന്  ഈ ഉത്തരവ് സ്വാഭാവികമായി നടപ്പാക്കി. പിന്നീട് 1996-ലും 2006-ലും 2016-ലും സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചില്ല. ഹൈക്കോടതി വിധി പാലിച്ചു കൊണ്ടു സ്ത്രീപ്രവേശനം തടയാനുള്ള നടപടിയാണ് എടുത്തത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്ന നിലപാട് എല്‍ഡിഎഫിനുള്ളത് കൊണ്ടല്ല അത് കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു എനന്തിനാല്‍ മാത്രമാണത്. 

2016-ല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യുഡിഎഫ് സർക്കാർ സ്ത്രീപ്രവേശനത്തെ എതിര്‍ത്തു കൊണ്ടുളള സത്യവാങ്മൂലം സമര്‍പ്പിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട് തള്ളുകയും 2006-ലെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വ്യക്തമാക്കുകയാണ് ചെയ്തത്

. സുപ്രീംകോടതി വിധി സാധാരണനിലയില്‍ നിയമമായി കാണുകയാണ് ചെയ്യുക. മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ് പറയുന്നത്. ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്തു കൊണ്ട് സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നില്ല എന്ന് പലരും ചോദിക്കുന്നു. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ ആദ്യമേ സര്‍ക്കാര്‍ ബോധിപ്പിച്ചതാണ്. പിന്നെ എങ്ങനെയാണ് ഒരു പുനപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് പോകുക. പറഞ്ഞ വാക്കിന് വിലയില്ലാത്ത സര്‍ക്കാരായി സുപ്രീംകോടതിക്ക് മുന്നില്‍ നില്‍ക്കേണ്ടി വരും. അതിനാല്‍ തന്നെ അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനാവില്ല. 

സുപ്രീംകോടതി വിധി അനുസരിച്ച ശബരിമലയില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആദ്യം നടത്താനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ഇങ്ങനെയൊരു വിധി വന്നപ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി വന്നതോടെ അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്‍റെ ചുമതലയായി. 

ഈ കേസില്‍ നിരവധി പേര്‍ കക്ഷി ചേര്‍ന്നെങ്കിലും കോണ്‍ഗ്രസോ ബിജെപിയോ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിധി വന്നപ്പോള്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം വിധിയെ ചരിത്രപരമായ വിധിയെന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്തു. ശബരിമലയിലെ സ്ത്രീപ്രവേശത്തെ ആര്‍എസ്എസ് ആദ്യമേ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ വിധി പുറത്തു വന്ന് അധികം വൈകാതെ ഇവരൊക്കെ പതിയെ പ്ലേറ്റ് മാറ്റി. 

രാജ്യത്ത് എന്ത് പ്രശ്നമുണ്ടായാലും അതില്‍ വര്‍ഗ്ഗീയ കലര്‍ത്തുന്ന ബിജെപിയും ആര്‍എസ്എസും ശബരിമല വിഷയത്തിലും ആ സാധ്യതയാണ് നോക്കിയത്. ആര്‍എസ്എസിന് കൃത്യമായ അജന്‍ഡയുണ്ട്. കേരളത്തിന്‍റെ ദൃഢമായ മതേതര മനസ്സ് തകര്‍ക്കാന്‍ പലശ്രമങ്ങളും ആര്‍എസ്എസ് നേരത്തെ നടത്തിയിരുന്നു അതെല്ലാം പക്ഷേ പരാജയപ്പെട്ടു. പരമ്പരാ​ഗതമായി രൂപം കൊണ്ട കേരളത്തിലെ മതനിരപേക്ഷ മനസ്സ് തടഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയത്തില്‍ കോപ്രായങ്ങള്‍ നടത്തുമ്പോള്‍ ദേശീയ നേതൃത്വം അതേക്കുറിച്ച് ഒരൊക്ഷരം മിണ്ടിയില്ല. കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തന്നെ അപ്പുറത്തേക്ക് കാലെടുത്ത് വച്ചവരാണ്. അവരുടെ ശരീരം ഇവിടെ കാണുമെങ്കിലും മനസ്സ് ബിജെപി നിലപാടിനൊപ്പമാണ്. അവര്‍ പ്രത്യക്ഷപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. ബിജെപിയേക്കാള്‍ മുന്‍പില്‍ നിന്ന് സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്നത് തങ്ങളാണെന്ന് വീമ്പിളകി. 

ചിലരുടെ പ്രസ്താവനകള്‍ കണ്ടാല്‍ അത് കോണ്‍ഗ്രസ് നേതാവിന്‍റെ തന്നെ നിലപാടാണോ എന്ന് സംശയിച്ചു പോവും. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ ശരിയായ ശബ്ദം കോണ്‍ഗ്രസിനുള്ളിൽ‍ നിന്നും ഉയരാറുണ്ട്. എന്നാല്‍ ശബരിമല വിഷയത്തില്‍ അതുണ്ടായില്ല. ബിജെപിയുടെ പ്രക്ഷോഭത്തിന് ആളെക്കൂട്ടുന്ന തിരക്കിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

അതേസമയം മറുവശത്ത് സുപ്രീംകോടതി വിധിക്കെതിരെ തുടങ്ങിയ പ്രക്ഷോഭം പിന്നീട് സര്‍ക്കാരിന് നേരെ തിരിഞ്ഞു. പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചവരുടെ രാഷ്ട്രീയ ലക്ഷ്യം ആ രീതിയിലായിരുന്നു. സമരം നടക്കുന്നെങ്കില്‍ നടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 

എന്നാല്‍ വൈകാതെ അക്രമം അഴിച്ചു വിട്ടു. പ്രതിഷേധക്കാരുടെ കൂട്ടത്തിലേക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ പ്രക്ഷോഭകാര്‍ക്കിടയിലേക്ക് കുത്തിക്കയറ്റി. ഭക്തരെ തടയാനും പരിശോധിക്കാനും അവര്‍ ഒരുന്പെട്ടു. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരെ പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ അന്‍പതിന് മുകളില്‍ പ്രായമുള്ള നേരത്തെ ശബരിമലയില്‍ വന്നവരെ ആക്രമിക്കുന്ന അവസ്ഥയുണ്ടായി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറാനെത്തിയ യുവതികളെ തടയുകയും അവരെ തെറിയഭിഷേകം നടത്തുകയും ചെയ്തു. ശബരിമലയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് നടത്താനാണ് അവര്‍ ശ്രമിച്ചത്. 

ഇക്കഴിഞ്ഞ അഞ്ച് ദിവസം ശബരിമലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞു പോയത്. പൊലീസിന്‍റെ സമചിത്തതയും സമയോചിതമായ ഇടപെടലും കാരണമാണ്. ശബരിമല സന്നിധാനത്ത് ഒരുപാട് ക്രിമിനലുകള്‍ വന്ന് ക്യാംപ് ചെയ്യുന്ന അവസ്ഥയുണ്ടായി. സന്നിധാനത്ത് ശാന്തിയും സമാധാനവും വേണം. ശാന്തിയോടെ പ്രാര്‍ത്ഥിക്കാനാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്. അവിടെ കലാപഭൂമിയാക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചത്. 

ശബരിമല സന്നിധാനം ക്രിമിനലുകള്‍ക്കുള്ളതല്ല ഭക്തര്‍ക്കുള്ളതാണ്. തങ്ങള്‍ പ്രത്യേക അവകാശമുള്ളവരാണ്. എന്തും ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് എന്ന് കരുതി അവിടെ തന്നെ ക്യാംപ് ചെയ്യാം എന്ന് കരുതിയാല്‍ അതു സമ്മതിക്കില്ല. ഭക്തര്‍ക്ക് ശബരിമലയില്‍ വരാനും സന്നിധാനത്ത് എത്താനും പ്രാര്‍ത്ഥിക്കാനും പൂജകള്‍ ചെയ്യാനുമുള്ള സൗകര്യവും സമയവും ഉണ്ടാക്കും. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് അവിടെ എത്തേണ്ടത്. ഒരു വലിയ ആള്‍ക്കൂട്ടമുണ്ടാവുന്പോ‍ൾ അവിടെ നിയന്ത്രണം വേണ്ടി വരും.

ഇന്ത്യയിലെ പല പ്രശസ്ത് ക്ഷേത്രങ്ങളിലും എന്ന പോലെ ശബരിമലയിലും ഇനി തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഉണ്ടാവും. ശബരിമല ദര്‍ശനത്തിന് പോകുന്നവര്‍ അക്കാര്യം  ഓണ്‍ലൈനില്‍ മുൻകൂട്ടി അറിയുക. സന്നിധാനത്തിന് താങ്ങാൻ സാധിക്കുന്നവരെ മാത്രമേ ഇനി ഒരു സമയം കടത്തി വിടൂ. അല്ലാത്തവര്‍ ബേസ് ക്യാംപില്‍ കഴിയേണ്ടി വരും. ഇങ്ങനെ ചെയ്യുന്നത് വഴി. സന്നിധാനത്ത് എത്തുന്നവര്‍ക്ക് സമാധാനത്തോടെ ദര്‍ശനം നടത്താനും പ്രാര്‍ത്ഥിക്കാനും സാധിക്കും. അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കും. 

ഇക്കാര്യത്തില്‍ സംസ്ഥാനത്തും പുറത്തുമുള്ള എല്ലാവരും സഹകരിക്കും എന്ന് ഉറപ്പാണ്. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യേയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്. വൈകാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു കൂട്ടും. 

എന്നാൽ  അയ്യപ്പനെ ദര്‍ശിക്കുന്നതോ ഭക്തര്‍ വരുന്നതോ ഒന്നും ഞങ്ങളുടെ വിഷയമല്ല ഞങ്ങള്‍ക്ക് ഇവിടെ ക്യാംപ് ചെയ്യണം എന്നാരെങ്കിലും വിചാരിച്ചാല്‍ അതു നടപ്പില്ല. അവിടെ ക്യാംപ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഒരാളേയുംഅനുവദിക്കില്ല.  അയ്യപ്പനെ കാണാന്‍ വരുന്നവര്‍ക്ക് സുഖമായി വന്നു പോകാനും ദര്‍ശനം നടത്താനുമാണ് ഇങ്ങനെയൊരു നടപടി സര്‍ക്കാര്‍ എടുക്കുന്നത്. ഈ കാര്യം വളരെക്കാലമായി ദേവസ്വംബോര്‍ഡുമായി ചര്‍ച്ച ചെയ്തുവരികയായിരുന്നു. ദക്ഷിണേന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ യോഗത്തോടെ ഇക്കാര്യത്തില്‍ വ്യക്തത വരും.

ഇന്ന് കാണുന്ന രീതിയില്‍ നാം എത്തിയത് ഒരുപാട് കഷ്ടപ്പെട്ടാണ്. നമ്മുടെ നാടിനെ തിരിച്ചു നടത്താനാണ് ഇവിടെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍എസ്എസിന് കൃത്യമായ നിലപാട് ഉണ്ട്. അവര്‍ക്കൊപ്പം പോകണോ എന്ന് എല്ലാവരും ചിന്തിക്കണം. 

ഇത്തരമൊരു സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഉണ്ടാവും. അത് സ്വാഭാവികമാണ്. അവര്‍ കാര്യങ്ങള്‍ തിരിച്ചറിയണം. മതനിരപേക്ഷമനസ്സുള്ളവർക്ക് അവര്‍ക്കൊപ്പം പോകാനാവില്ല. ഇന്ത്യയിലെ പൊതു അന്തരീക്ഷത്തില്‍ നിന്നും മാറി ശാന്തമാണ് കേരളം. ഇവിടെ ജാതിസ്പര്‍ധയും മതവൈര്യവും ഇല്ല. ഉയർന്ന മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന നാടാണ് കേരളം. അത് നഷ്ടപ്പെടുത്താന്‍ ആവില്ല.  കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍... അവര്‍ വളരെ ശക്തരല്ല. അവര്‍ നിസാരരാണ്. ഇപ്പോള്‍ ഉണ്ടായ ഈ ബഹളങ്ങളില്‍ തങ്ങള്‍ ശക്തരാണ് എന്നവര്‍ക്ക് തോന്നുന്നുണ്ടാവും. എന്നാല്‍ മതനിരപേക്ഷ മനസ്സുള്ള ഈ മഹാജനതയ്ക്ക് മുന്നില്‍ അവര്‍ ഒന്നുമല്ല. 
 

Follow Us:
Download App:
  • android
  • ios