Asianet News MalayalamAsianet News Malayalam

സൂര്യനെ തേടി 'പാര്‍ക്കര്‍' യാത്ര തിരിച്ചു

ഫ്ലോറിഡയിലെ കേപ് കനാവർ സ്റ്റേഷനിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഡെൽറ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്.  സൂര്യന്റെ രഹസ്യങ്ങളറിയാൻ വിഭാവനം ചെയ്ത പദ്ധതിയാണ് പാർക്കർ സോളാർ പ്രോബ്.

parker starts its journey to sun
Author
Cape Canaveral, First Published Aug 12, 2018, 1:04 PM IST

കേപ് കനാവര്‍: നാസയുടെ സൗരപദ്ധതി പാർക്കർ സോളാർ പ്രോബ്  വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കനാവർ സ്റ്റേഷനിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഡെൽറ്റ നാല് റോക്കറ്റിലാണ് പ്രോബ് വിക്ഷേപിച്ചത്.  സൂര്യന്റെ രഹസ്യങ്ങളറിയാൻ വിഭാവനം ചെയ്ത പദ്ധതിയാണ് പാർക്കർ സോളാർ പ്രോബ്.

മനുഷ്യൻ ഇതുവരെ നി‍ർമ്മിച്ചതിൽ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം സ്വന്തമാക്കാൻ കൂടിയണ് പാർക്കർ സോളാർ പ്രോബിന്റെ യാത്ര. സെക്കന്റിൽ 190 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ഏഴ് വർഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണ എന്നറിയപ്പെടുന്ന അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

ഭൂമിയിലേക്ക് ഇടയ്ക്കിടെ എത്തുന്ന സൗരവാതങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നത് പ്രധാനമായും കൊറോണയാണ്. സൗരവാതങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പാർക്കർ നൽകുന്ന വിവരങ്ങൾ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇതിനായി സൂര്യന്റെ 6.16 ദശലക്ഷം കിലോ മീറ്റർ അടുത്തു വരെ പേടകം ചെല്ലും. അതിശക്തമായ ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രത്യേക കവചത്തോടെയാണ് പേടകം നിർമ്മിച്ചിരിക്കുന്നത്. 1000 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ ചൂട് താങ്ങാൻ പേടകത്തിനാകും.

അറുപത് വർഷം മുമ്പ് തുടങ്ങിയതാണ് പാർക്കർ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ. എന്നാൽ സൂര്യനോട് ഇത്രയും അടുത്ത് ചെല്ലാനുള്ള സാങ്കേതിക മികവ് ഇപ്പോഴാണ് ശാസ്ത്രം കൈവരിച്ചത്. സൂര്യനെക്കുറിച്ച് പഠിക്കാൻ പ്രത്യേക പേടകത്തെ അയയ്ക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസിക്കും പദ്ധതിയുണ്ട്. സോളോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ബ്രിട്ടണിൽ അവസാന ഘട്ട പരീക്ഷണങ്ങളിലാണ്. 2020 ൽ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടൻ ഉദ്ദേശിക്കുന്നത്. ആദിത്യ എൽ വൺ എന്ന പേരിൽ ഇന്ത്യയും സൗരപദ്ധതി വികസിപ്പിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios