കണ്ണൂര്‍: ചൈനയെ തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കക്കെതിരായ ശക്തിയായി ചൈന ഉയരുന്നുണ്ട്. ഇതിനെ തകർക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. കണ്ണൂര്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കക്കെതിരെ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നു വരുന്നുണ്ട്. ചൈനക്ക് എതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളിൽ ഇന്ത്യ, അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനമാണ് എടുക്കുന്നത്. ചേരിചേരാ നയം അട്ടിമറിച്ചു. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി ഇന്ത്യ മാറി. വിദേശ നയം അമേരിക്കയ്ക്ക് അനുകൂലവും ചൈനക്ക് എതിരും ആക്കിയെന്നും പിണറായി കുറ്റപ്പെടുത്തി. 

എച്ചുകെട്ടിയ സംവിധാനങ്ങൾ കൊണ്ട് ബിജെപിയെ നേരിടാനാവില്ലെന്നു കോൺഗ്രസ് ബന്ധത്തെ ചൊല്ലി പാർട്ടിയിൽ സമീപകാലത്ത്നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ പിണറായി വ്യക്തമാക്കി. ബിജെപി വളർന്ന സ്ഥലങ്ങളിൽ എല്ലാം മുന്നിൽ നിന്നത് പഴയ കോൺഗ്രസ് നേതാക്കളാണ്.

പാർട്ടിയിൽ യെച്ചൂരി ഉയർത്തിയ എല്ലാ വാദങ്ങളെയും തള്ളുന്നതായിരുന്നു പരാമർശങ്ങൾ. അടവ് നയം അടിസ്ഥാനമാക്കി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കുന്നതിന് ശ്രദ്ധ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

457 പ്രതിനിധികളാണ് സമ്മേളനത്തിൽ ഉള്ളത്. നേതാക്കൾ ഉൾപ്പെട്ട ഒരുപിടി വിവാദങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. പാർട്ടി നടപടി നേരിട്ട പി ജയരാജൻ സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്നതും ശ്രദ്ധേയമാണ്.