Asianet News MalayalamAsianet News Malayalam

'ഹനാന്‍ നീ അഭിമാനമാണ്', എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • ആത്മവിശ്വാസം കൈവിടരുത്
  • കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണയ്ക്കണം
Pinarayi vijayan Facebook post about Hanan
Author
First Published Jul 27, 2018, 11:58 AM IST

തിരുവനന്തപുരം: പഠനത്തിന് പണം കണ്ടെത്താനായി മത്സ്യം വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍, തനിക്കെതിരെ ഉയരുന്ന  വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തിയിരുന്നു. വ്യാജ പ്രതികരണങ്ങളില്‍ തളരാത്ത ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഹനാന് പിന്തുണയറിയിച്ചത്. പ്രചരണങ്ങളില്‍ തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണം.

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു- പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios