Asianet News MalayalamAsianet News Malayalam

കന്‍വാര്‍ തീര്‍ത്ഥാടനം: റെഡ് കാര്‍ഡുമായി പൊലീസ്; തീര്‍ത്ഥാടന പാതയില്‍ നിന്ന് പലായനം ചെയ്ത് ജനം

കൻവാർ യാത്രക്കിടയിൽ എല്ലാവർഷവും അക്രമങ്ങൾ നടക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വർഷം പതിനേഴ് പേർക്കാണ് കന്‍വാര്‍ തീര്‍ത്ഥാടകരുടെ അക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വർഷം നടന്ന ആക്രമണത്തിൽ 250 ഓളം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. 

police issue red card muslim village vacates from kanwar pilgrim path
Author
Lucknow, First Published Aug 11, 2018, 10:15 AM IST

ലക്നൗ: കന്‍വാര്‍ തീര്‍ത്ഥാടകരുടെ അതിക്രമങ്ങളെക്കുറിച്ച് പൊലീസ് റെഡ് കാര്‍ഡ് പുറത്തിറക്കിയതിന് പിന്നാലെ തീര്‍ത്ഥാടന പാതയിലുള്ള മുസ്ലിം ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയിലാണ് പൊലീസ് റെഡ് കാര്‍ഡ് പുറത്തിറക്കിയത്. മുസ്ലിം ഭൂരിപക്ഷമായ ഈ മേഖലയില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നു പോവുന്ന പാതയിലുള്ളവര്‍ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷത്തെ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന പ്രദേശമാണിത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് പ്രദേശത്തെ മുസ്‌ലിങ്ങള്‍ക്ക് റെഡ് കാര്‍ഡ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

കൻവാർ യാത്രക്കിടയിൽ എല്ലാവർഷവും അക്രമങ്ങൾ നടക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വർഷം പതിനേഴ് പേർക്കാണ് കന്‍വാര്‍ തീര്‍ത്ഥാടകരുടെ അക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വർഷം നടന്ന ആക്രമണത്തിൽ 250 ഓളം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നുവെന്ന് പ്രദേശത്തെ ഒരു കച്ചവടക്കാരൻ പറയുന്നു. സംഘര്‍ഷ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവർക്കെതിരേയും പൊലീസ് നടപടി എടുത്തിരുന്നെന്നും ഇയാൾ ആരോപിക്കുന്നു. അതുക്കൊണ്ടാണ് പ്രശ്നമുണ്ടാകുന്നതിന് മുമ്പുതന്നെ പ്രദേശവാസികൾ പാലായനം നടത്തിയതെന്നും ഇയാൾ കൂട്ടിച്ചേർത്തു.    

'കൻവർ യാത്രയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന രഹസ്യ വിവരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഈ ചുവപ്പ് കാർഡിലൂടെ ഞങ്ങൾ അറിയിക്കുകയാണ് കൻവാർ യാത്രയിൽ നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള കുഴപ്പം സൃഷ്ടിക്കുകയാണെങ്കിൽ നിങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതായിരിക്കും'- ഇതാണ് ചുവന്ന കാർഡുകളിലൂടെ പൊലീസ് നൽകുന്ന വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൻവാർ യാത്രാ സമയത്ത് സമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതലായാണ് ചുവപ്പ് കാർഡ് പുറപ്പെടുവിക്കുന്നതെന്ന് അലിഗഞ്ച് എസ്എച്ച്ഒ വിശാൽ പ്രതാപ് സിംഗ് വിശദമാക്കുന്നത്.  

അതേസമയം ചുവപ്പ് കാർഡ് നിയമപരമായി സാധുതയുള്ളതല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്തെ ആളുകൾ പൊലീസ് നിരീക്ഷണത്തിൽ ആണെന്ന് അറിയിക്കുന്നതാനാണ് ചുവപ്പ് കാർഡുകൾ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കുടുംബവുമായി പാലായനം ചെയ്ത് പോകുന്നവരെ തടഞ്ഞു നിർത്താൻ സാധിക്കില്ലെന്ന് പൊലീസ്  ഭാഷ്യം.  കാന്‍വാര്‍ യാത്രയ്ക്ക് ശേഷം മുസ്‌ലിങ്ങള്‍ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് വിശദമാക്കുന്നു.
കൻവാർ തീർത്ഥാടനത്തിനിടെ അക്രമണങ്ങൾ നടക്കുന്നത് പതിവ് കാഴ്ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത പുറത്ത് വരുന്നത്.

Follow Us:
Download App:
  • android
  • ios