Asianet News MalayalamAsianet News Malayalam

കേരളത്തിന്‍റെ നേട്ടങ്ങളും ആശങ്കകളും; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് രാഷ്ട്രപതി

ഭൂപരിഷ്‌ക്കരണം മുതല്‍ പഞ്ചായത്ത്‌രാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യ പരിപാലനവും വരെ കേരള ജനത ഒരുപാട് നേട്ടമുണ്ടാക്കി

President of India twitter account malayalam
Author
Thiruvananthapuram, First Published Aug 6, 2018, 10:05 PM IST

കേരള നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച്‌ നടന്ന 'ജനാധിപത്യത്തിന്റെ ഉത്സവം' ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സംസ്ഥാനത്തിന്‍റെ ആശങ്കകളും നേട്ടങ്ങളും പങ്കുവച്ചു. രാഷ്ട്രപതിയുടെ ഔദ്യോഗിക പേജില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാംനാഥ് കോവിന്ദിന്‍റെ പ്രതികരണം.

രാഷ്ട്രപതിയുടെ മലയാളം ട്വീറ്റുകള്‍ പൂര്‍ണരൂപത്തില്‍

1 കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനമായ 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. തര്‍ക്കങ്ങളും വിയോജിപ്പും വിസമ്മതവും നമ്മുടെ ഭരണപദ്ധതിയില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അക്രമങ്ങള്‍ക്ക് നമ്മുടെ ഭരണഘടനയില്‍ ഒരു സ്ഥാനവുമില്ല.

2 ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ സ്വാംശീകരിച്ചു വരുന്ന നടപ്പിലാക്കുവാന്‍ സാധിക്കുന്നതും പ്രായോഗികവുമായ കാര്യങ്ങള്‍ രാജ്യത്തെ നിയമ നിര്‍മ്മാണ ജനാധിപത്യ പ്രക്രിയയ്ക്ക് സഹായകമാകും. ഇത്തരം ആശയ സംവേദന ആഘോഷങ്ങള്‍ കേരളത്തിന്റെ ബൗദ്ധിക പാരമ്പര്യത്തിന്റെ നിദര്‍ശനം കൂടിയാണ്.

3 രാഷ്ട്രീയം, പൊതുജീവിതം, ജനാധിപത്യ മൂല്യം എന്നിവ ഒരു സമൂഹത്തിന്റെ അവശ്യ ധര്‍മ്മ ബോധത്തിന്റെ പ്രതിഫലനം കൂടിയാണ്. കേരള നിയമസഭയുടെ ചര്‍ച്ചകളും വാഗ്വാദങ്ങളും കേരള സമൂഹം ഉള്‍ക്കൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെയും ചരിത്രപരമായി അത് മുറകെ പിടിച്ച മാനുഷിക മൂല്യത്തിന്റെയും നേര്‍ക്കാഴ്ചകളാണ്.

4 കേരളം രാജ്യത്തിന് നല്‍കിയ അത്യുന്നതനായ വ്യക്തിത്വമാണ് എന്റെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍. വളരെ അധികം വെല്ലുവിളികള്‍ നേരിട്ട സാഹചര്യത്തില്‍ നിന്നും സ്വയം പ്രയത്‌നത്തിലൂടെയും നിഷ്ഠയിലൂടെയും ബൗദ്ധിക മികവിലൂടെയുമാണ് അദ്ദേഹം രാജ്യത്തെ പ്രഥമ പൗരനായി ഉയര്‍ന്നു വന്നത്

5 കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചര്‍ച്ചകളേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ക്രാന്തദര്‍ശികളായിരുന്ന ആദിശങ്കരനും, ശ്രീനാരായണഗുരുവും, അയ്യങ്കാളിയും ഇതേ മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്.

6 ഒരാള്‍ക്ക് ഏതു വിശ്വാസം വേണമെങ്കിലും വച്ചു പുലര്‍ത്താം - അല്ലെങ്കില്‍ ഒരു വിശ്വാസ സംഹിതയിലും ഉള്‍പ്പെടാതിരിക്കാം അത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല സാംസ്‌ക്കാരികവും ബൗദ്ധികവുമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുക എന്നതാണ് പ്രാധാന്യം.

7 ഭൂപരിഷ്‌ക്കരണം മുതല്‍ പഞ്ചായത്ത്‌രാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യ പരിപാലനവും വരെ കേരള ജനത ഒരുപാട് നേട്ടമുണ്ടാക്കി. ഇതെല്ലാം സാധിച്ചത് ഈ നിയമസഭ നിര്‍മ്മിച്ച നിയമങ്ങള്‍ വഴിയാണ്. ഇത് വലിയൊരു സാമൂഹ്യഘടനകാര്യസിദ്ധി ഉണ്ടാക്കി. അതിനെയാണ് 'കേരള മോഡല്‍' എന്ന് അറിയപ്പെടുന്നത്.

8 സംത്യപ്തിയോടെ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലേയ്ക്ക് ഉത്കടമായ അഭിലാഷത്തോടെ നോക്കി കാണാനും സാധിക്കണം. കേരള മോഡലിന്റെ അടുത്ത ഘട്ടം കേരളത്തിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ വലിയ അവസരങ്ങള്‍ ഉണ്ടാക്കി നല്‍കുക എന്നതായിരിക്കണം.

9 വ്യവസായ സംരംഭകത്വത്തിന്റെ വാണിജ്യ സജ്ജമാക്കുവാനുണ്ടാകുന്ന കാലവിളംബം എല്ലാ തലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. ഇവിടെ അടുത്ത രണ്ടു ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

10 വാഗ്വാദങ്ങളും അപരന്റെ ആശയത്തോടുള്ള ബഹുമാനവും ചരിത്രപരമായി തന്നെ കേരള സമൂഹത്തിന്റെ മഹത്വമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും രാഷ്ട്രീയ അക്രമങ്ങള്‍ എന്ന വിരോധാഭാസം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു.

11 കേരളത്തിന്റെയും കേരള ജനതയുടെയും തിളങ്ങുന്ന പൈതൃകത്തിന് ഇത് ഒരു അവമതിപ്പാണ്. ആയതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍ക്കാഴ്ചയുള്ള പൗരന്മാരും ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനായി മുന്നിട്ട് വരേണ്ടതാണ്.

12 സംവാദങ്ങളും വിയോജിപ്പും വിസമ്മതവും തികച്ചും അംഗീകരിക്കപ്പെടേണ്ടതും ഭരണ സംവിധാനത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. എന്നാല്‍ അക്രമത്തിന് നമ്മുടെ ഭരണ വ്യവസ്ഥയില്‍ സ്ഥാനമില്ല. കേരള ജനതയും ഓരോ ഭാരതീയനും ഇതിനെക്കുറിച്ച് ഗൗരവുമായി ആലോചിക്കേണ്ടതാണ്.

13 കേരളത്തിലെ ഓരോരുത്തരേയും ഈ സഭയിലെ അംഗങ്ങളെയും കേരള നിയമസഭയുടെ വജ്ര ജൂബിലി അവസരത്തില്‍ ഞാന്‍ അനുമോദിക്കുന്നു. ഓണത്തിനുള്ള ആശംസകളും മുന്‍കൂറായി നേരുന്നു. ഓരോ കുടുംബത്തിലും ഓരോ വീടുകളിലും ഓണം സന്തോഷവും സമൃദ്ധിയും കൊണ്ടു വരട്ടെയെന്ന് ആശംസിക്കുന്നു.

 

Follow Us:
Download App:
  • android
  • ios