ദില്ലി: റഫാൽ ഇടപാടിൽ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയാണെന്ന്  ഡാസോയുടെ ആഭ്യന്തര രേഖകളിലുണ്ടെന്ന റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് നേരത്തെ പുറത്തു വിട്ടിരുന്നു. ഇക്കാര്യം ഡെപ്യൂട്ടി സി.ഇ.ഒ ലോക്ക് സെഗലൻ ജീവനക്കാരുടെ യോഗത്തിൽ പറഞ്ഞുവെന്നായിരുന്നു മീഡിയാ പാര്‍ട്ടിന്‍റെ റിപ്പോര്‍ട്ട്. 

എന്നാൽ ഡാസോയും കമ്പനി സി.ഇ.ഒ എറിക് ട്രാപ്പിയറും ഇതു തള്ളി. എന്നാൽ കമ്പനി വാദത്തെ പൊളിക്കുന്ന രേഖകളാണ് ഫ്രഞ്ച് ബ്ലോഗായ പോര്‍ട്ടൽ ഏവിയേഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഡാസോയിലെ യൂണിയനുകളായ സി.ജി.ടി , സി.എഫ്.ഡി.ടി എന്നിവ 2017 മേയ് പതിനൊന്നിന് നടത്തിയ യോഗത്തിന്‍റെ മിനിട്‍സാണ് പുറത്തായത്.

യോഗങ്ങളിൽ ലോക്ക് സെഗലനും പങ്കെടുത്തിരുന്നു എന്ന് മിനിട്‍സ് തെളിയിക്കുന്നു. ഇന്ത്യയുമായുള്ള റഫാൽ യുദ്ധവിമാന കരാര്‍ കിട്ടാൻ റിലയന്‍സുമായി ചേർന്ന് കമ്പനിയുണ്ടാക്കേണ്ടത്  അനിവാര്യമായിരുന്നുവെന്നാണ് ഡാസോ ഡെപ്യൂട്ടി സി.ഇ.ഒ വ്യക്തമാക്കുന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയിൽ പങ്കാളിയാക്കണമെന്ന ഇന്ത്യയുടെ വ്യവസ്ഥ പാലിക്കാനാണ് ഡാസോ - റിലയന്‍സ് ഏയ്റോ സ്പെയ്‍സ്  രൂപീകരിച്ചതെന്നും ലോക് സെഗലൻ യൂണിയനുകളുടെ യോഗത്തിൽ പറഞ്ഞതായി മിനിട്‍സിലുണ്ട്.

ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് റിലയന്‍സിനെ കരാറിൽ പങ്കാളിയാക്കിയതെന്ന, മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാങ്ങിന്‍റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന രേഖകളാണ് പുറത്തു വരുന്നത്. ഡാസോ സ്വന്തം നിലയ്ക്കാണ് റിലയൻസിനെ പങ്കാളിയാക്കിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്.