റഫാല്‍ ഇടപാടില്‍ ബിജെപിക്ക് കാര്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്‍ദരേഖ ലോക്സഭയില്‍ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറിയുലുണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്‍ദ സന്ദേശമാണ് രാഹുല്‍ സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചത്.  റഫാലില്‍ സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് മുത്തലാഖ് ബില്‍ ഇന്ന് ചര്‍ച്ചയ്ക്കെടുത്തില്ല.

അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റൊരു ഇരിപ്പിടത്തിലേക്ക‌് മാറി സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചു. അണ്ണാ ഡിഎംകെ പ്രധാനമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്കു നേരെ തന്നെയാണ് ആരോപണം. ചർച്ച തുടങ്ങാൻ ശാന്തമായ അന്തരീക്ഷം ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതേ സമയം അണ്ണാ ഡിഎംകെ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി.

എന്നാല്‍, ജയ്‍റ്റ്‍ലി രാഹുല്‍ ഗാന്ധിയുടെ ആവശ്യം എതിർത്തു. ഇതേതുടര്‍ന്ന് ഈ ശബ്‍ദസന്ദേശം സഭയില്‍ കേള്‍പ്പിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഉത്തരവാദിത്വം എഴുതി നല്കണമെന്ന് രാഹുൽ ഗാന്ധി സ്പീക്കറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതേസമയം കോണ്‍ഗ്രസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സഭയിലെ ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ എത്തിയില്ല. പ്രധാനമന്ത്രി മുറിയിൽ ഒളിച്ചിരിക്കുന്നുവെന്ന ആരോപണവുമായി രാഹുൽ രംഗത്ത് എത്തി.

126ൽ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിർദ്ദേശപ്രകാരമാണ്? എന്തിന് പ്രധാനമന്ത്രി വില കൂട്ടി റഫാൽ വാങ്ങി?  ഫ്രഞ്ച് മുൻ പ്രസിഡൻറ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മനോഹർ പരീക്കറിന്‍റെ കയ്യിൽ നിരവധി ഫയലുകളുണ്ടെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി അനിൽ അംബാനിയുടെ പോക്കറ്റിൽ പണം ഇട്ടുകൊടുക്കുകയിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.  രാജ്യം സംശയിക്കുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്. എച്ച്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിക്ക് എന്തിന് കരാർ നndkf എന്ന് മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറില്‍ കൂടുതല്‍ രേഖകളുണ്ടെന്ന കോണ്‍ഗ്രസിന്‍റെ പരാമര്‍ശം സഭയില്‍ ഏറെ നേരം ബഹളത്തിന് വഴിവെച്ചു. അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പേപ്പറുകള്‍ കീറി സഭയില്‍ വിതറി. ഇതിനെ തുടര്‍ന്ന് ഇവരെ സ്പീക്കര്‍ ഒരു ദിവസത്തേയ്‍ക്ക് സഭയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അരുണ്‍ ജയ്‍റ്റ്‍ലിയായിരുന്നു രാഹുലിന്‍റെ ആരോപണങ്ങളെ പ്രധാനമായും പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ഗോവമന്ത്രിയുടേതെന്ന‌ പേരിലുള്ള സംഭാഷണം കോൺഗ്രസ് നിർമ്മിച്ചതാണെന്ന് ജയ്‍റ്റ്‍ലി ആരോപിച്ചു. പാർട്ടിക്ക് പണം നല്‍കാത്തത് കൊണ്ടാണ് ആന്റണി റഫാൽ കരാർ ഉപേക്ഷിച്ചതെന്നായിരുന്നു ജയ്‍റ്റ്‍ലിയുടെ പ്രധാന ആരോപണം. ബോഫോഴ്സ്, നാഷണൽ ഹെറാൾഡ്, ആഗസ്റ്റ ഇടപാടുകളുടെ ഗൂഡാലോചന നടത്തിയത് ഗാന്ധി കുടുംബമാണെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു. കളവായതു കൊണ്ടാണ് രാഹുൽ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതെന്ന് ജയ്‍റ്റ്‍ലി പറഞ്ഞു.തുടര്‍ന്ന്  ജയ്‍റ്റ്‍ലിക്കെതിരെ കോൺഗ്രസ് പ്രതിഷേധം രൂക്ഷമാക്കി.