Asianet News MalayalamAsianet News Malayalam

മഴയുടെ ശക്തി കുറയാൻ സാധ്യത; രക്ഷാപ്രവർത്തനത്തിന് അനുകൂലസാഹചര്യം

കേരളത്തിൽ നാശം വിതച്ച് ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വ്യാപക മഴ ഇന്ന് പെയ്തേക്കില്ല. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ മാറി നിൽക്കുകയാണ്. എറണാകുളം ജില്ലയിലും മഴക്ക് കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്താൻ മഴ മാറി നിൽക്കുന്നത് സഹായിക്കും.  

rain fury will decrease situation in favor of rescue work
Author
Kochi, First Published Aug 17, 2018, 1:19 PM IST


കൊച്ചി: കേരളത്തിൽ നാശം വിതച്ച് ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വ്യാപക മഴ ഇന്ന് പെയ്തേക്കില്ല. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ മാറി നിൽക്കുകയാണ്. എറണാകുളം ജില്ലയിലും മഴക്ക് കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്താൻ മഴ മാറി നിൽക്കുന്നത് സഹായിക്കും.  13 ജില്ലകളിൽ നിലവിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ  പെയ്ത മഴ വളരെ കൂടുതലായതിനാൽ നിലവിൽ ചെറിയ മഴ പോലും പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കടുത്ത ജാഗ്രത തുടരുന്നത്.

ഉച്ചയ്ക്ക് ശേഷം പല മേഖലകളിലും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ പ്രവചിക്കുന്നുണ്ട്.  ഞായറാഴ്ച വരെ   സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയ്ക്ക് ശേഷം മഴയിൽ കാര്യമായ കുറവ് ഉണ്ടാകും.

റാന്നി, കോഴഞ്ചേരി ഭാഗങ്ങളിൽ നിന്ന് വെള്ളം ഇറങ്ങുന്നുണ്ട്. എന്നാൽ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽ ഒഴുക്ക് ശക്തമാണ്.  പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയായി തന്നെ നിൽക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഒഡീഷ മേഖലയിൽ നിന്നിരുന്ന ന്യൂനമർദ്ദം  മധ്യപ്രദേശിലേക്ക് നീങ്ങി ശക്തികുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി കൊങ്കൺ, ഗോവ, രാജസ്ഥാൻ, മധ്യപ്രദേശ്  മേഖലകളിൽ അടുത്ത 24 മണിക്കൂർ മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം അടുത്ത 24 മണിക്കൂർ നേരത്തേക്ക് വടക്കൻ കേരളം, കർണാടകം, ലക്ഷദ്വീപ് സമുദ്രമേഖലയിൽ മണിക്കൂറിൽ 35 മുതൽ 45 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നിട്ടുണ്ട്. കാറ്റിന്റെ വേഗത അറുപത് മൈൽ വരെ ഉയരാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മണിക്കൂറിൽ 55 മൈൽ വരെ വേഗയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പ്രവചനം ഉണ്ട്. മീൻപിടിക്കാൻ പോകുന്നവർ ജാഗ്രത പാലിക്കണം.

Follow Us:
Download App:
  • android
  • ios