Asianet News MalayalamAsianet News Malayalam

18 വരെ മഴ ശക്തമായി തുടരും; 12 ജില്ലകളില്‍ റെഡ് അലർട്ട്

 കേരളത്തില്‍  വീണ്ടും മഴ ശക്തമായി. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് 12  ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 

rain havoc
Author
Thiruvananthapuram, First Published Aug 15, 2018, 6:50 AM IST

തിരുവനന്തപുരം: കേരളത്തില്‍  വീണ്ടും മഴ ശക്തമായി. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് 12  ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്. ഡാമുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നതോടെ ഇതുവരെ 33 ഡാമുകള്‍ തുറന്നു. 

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാർ തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. പെന്മുടി, അതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളാണ് അടച്ചത്.

മഴ ശക്തമായതോടെ ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ വീണ്ടും ഒരുമിച്ച് ഉയര്‍ത്തി. അപ്പര്‍ഷോളയാര്‍, പറമ്പിക്കുളം തുടങ്ങി തമിഴ്നാട്ടിലെ ഡാമുകളും തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ചാലക്കുടിപ്പുഴയോരത്തെ ആളുകളെ വീണ്ടും ആശങ്കയിലായി. ഈ സീസണില്‍ ആറോളം തവണ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയിരുന്നു. നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം. സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മൂന്നാം തവണയാണ് ഇപ്പോള്‍ അടയ്ക്കുന്നത്. വിരിപ്പാറയിൽ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനമില്ല.

അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളം അധികമാകുമ്പോള്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ വനപാലകരും വനസംരക്ഷണസമിതിയും ഉണ്ടെങ്കിലും അപകടകരമായ ഇവിടെ മുന്നറിയിപ്പ് നല്‍കാനോ നിയന്ത്രിക്കാനോ അധികൃതരില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നു. ഒറ്റപ്പെട്ട വീടുകളും റിസോര്‍ട്ടുകളും ഉള്ള ഇവിടെ റോഡും പരിസരവും വിജനമാണ്. അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാനും ആരുമില്ല. സാധാരണഗതിയില്‍ അധികം കാലുഷ്യങ്ങളില്ലാതെ ഒഴുകുന്ന ചാലക്കുടി പുഴയുടെ വശ്യഭംഗി കണ്ട് ഇറങ്ങുന്നവര്‍ അപകടത്തെ വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലബാറിലും മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിടത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടി. ദുരന്തബാധിതമേഖലകളിലെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. ആനക്കാംപൊയില്‍,മറിപ്പുഴ പ്രദേശങ്ങളില്‍ മൂന്നാംതവണയും ഉരുള്‍പൊട്ടി. വയനാട് ബാണാസുരസാഗറിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നു. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ കനത്തമഴ. പൊന്‍മുടി വിനോദ സഞ്ചാരകേന്ദ്രം പൂര്‍ണമായും അടച്ചു. പൊന്‍മുടി, വിതുര എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും  വെള്ളത്തിനടിയിലായി. ചിറ്റാര്‍ പാലത്തില്‍ വെള്ളംകയറിയതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കല്ലാര്‍ നിറഞ്ഞു കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു വാര്‍ത്തകള്‍ ചുവടെ :


ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്‍റർ നമ്പറുകൾ

എറണാകുളം - 0484-2423513, മൊബൈൽ: 7902200300,7902200400. 
ഇടുക്കി - 0486-2233111,  മൊബൈൽ: 9061566111,9383463036
തൃശൂർ -0487-2362424, മൊബൈൽ: 9447074424

ബോട്ട് കടലില്‍ കുടുങ്ങി

മിനിയാന്ന് ആറ് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് എഞ്ചിന്‍ തകരാറ് മൂലം കടലില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാനായി കോസ്റ്റ്ഗാർഡും കോസ്റ്റല്‍ പോലീസും യാത്ര തിരിച്ചു. 

ആറ് പേർ മരിച്ചു, രണ്ട് പേരെ കാണാതായി

മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് നാല് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭർത്താവ് അസീസുമാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകനും മരിച്ചു. അപകടത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  ഇതിനിടെ മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്. തമിഴ്നാട് സ്വദേശി മദനനാണ് മരിച്ചത്.  രണ്ട് പേരെ കാണാതായി. ഇടുക്കി കീരിത്തോടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. ഇടുക്കിയില്‍ വീട്ടില്‍ വെള്ളം കയറി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

കൂടുതൽ ഷട്ടറുകൾ ഉയർത്തി

കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാൽ അരുവിക്കര , പേപ്പാറ അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം 50 സെ. മി. ഉയർത്തിയിട്ടുണ്ട്.  അരുവിക്കര അണക്കെട്ടിന്‍റെ 6 ഷട്ടറുകളിൽ 5 എണ്ണം ഉയർത്തി. കരമനയാറ്റിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

പെരിയാറില്‍ ജലനിരപ്പ്  ഉയര്‍ന്നു

പെരിയാറിന്‍റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി.

മുവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കടാതിയില്‍ ക്യാമ്പ് തുറന്നു

പെരിയാറില്‍ ജലനിരപ്പ്  ഉയര്‍ന്നു. തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി
 
മലയോര മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

കണ്ണൂരിലെ മലയോര മേഖലയിൽ കൂടുതൽ പ്രദേശങ്ങളിൽ, വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. കൊട്ടിയൂർ ചപ്പമല, ഇരിട്ടിയിലെ കരിക്കോട്ടക്കരി, എടപ്പുഴ തുടങ്ങിയ ഭഗങ്ങളിൽ നിന്ന് ഇന്നലെ രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യമ്പുകൾ തുറന്നു. ആള്കളെ ഇങ്ങോട്ടു മാറ്റി. അമ്പതോളം കുടുംബങ്ങൾ ആണ് ഇന്നലെ രാത്രി മാത്രം ദുരിതാശ്വാസ ക്യമ്പിൽ എത്തിയത്. എടക്കാനത്ത് ഒരുവീട് ഇന്നലെ പൂർണമായും തകർന്നു

ശബരിമല ഒറ്റപ്പെട്ടു

കനത്ത മഴയിൽ  റാന്നി, വടശ്ശേരിക്കര മേഖലകൾ  ഒറ്റപ്പെട്ടു. വനമേഖലയിൽ ഉരുൾ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ടിരിക്കുന്നത്.

വിമാന സർവീസ് നിർത്തിവച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണിവരെയുള്ള വിമാന സർവീസ് നിർത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. നിലവില്‍ റണ്‍വേയില്‍ അടക്കം വെള്ള കയറിയ നിലയിലാണ് നെടുമ്പാശേരി വിമാനത്താവളം ഉള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 0484 3053500, 0484 2610094

തിരുവനന്തപുരത്തും കനത്ത മഴ

തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. ജഗതിയിൽ കിള്ളിയാർ തീരത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്  ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. 

പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു

കനത്ത മഴയിൽ പമ്പ നദി കരകവിഞ്ഞ് ഒഴുകുന്നു. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

കോഴിക്കോട് കനത്തമഴ തുടരുന്നു

താമരശ്ശേരിയിൽ തോട്ടിൽ വീണ് കാണാതായ വിദ്യാർത്ഥിയ്ക്കായി ഇന്നും തെരച്ചിൽ തുടരും

ഉരുൾപൊട്ടൽ ഭീതിയിൽ കണ്ണപ്പൻകുണ്ടിലെ ജനങ്ങള്‍

ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന കോഴിക്കോട് കണ്ണപ്പൻകുണ്ടിലെ ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത് ജലസേചനവകുപ്പിന്‍റെ പാലങ്ങളാണ്. കഴിഞ്ഞദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും പാറകളും അടിഞ്ഞ് കണ്ണപ്പൻകുണ്ട് പാലം മൂടിയതോടെ വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുകി. പാലം പൊളിച്ച് നീക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്‍റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios