Asianet News MalayalamAsianet News Malayalam

കുംഭമേളയിൽ കാണാതാവുന്ന കുഞ്ഞുങ്ങളെ തിരിച്ചുപിടിക്കാന്‍ ആര്‍എഫ്ഐഡി ടാഗുകൾ

50  ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഏകദേശം 12  കോടി പേർ വന്നുപോവുമെന്നാണ് കണക്ക്. ഇത്രയും അധികം പേര്‍ വന്നുപോവുന്ന തിരക്കുള്ളിടത്ത് നിന്നും സ്വാഭാവികമായി കാണാതെയാവുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നത് പോലും ശ്രമകരമായ ഒരു പ്രവൃത്തിയാവും. 

RFID tags to recover the missing kids at kumbhamela fair
Author
Allahabad, First Published Jan 21, 2019, 4:01 PM IST

അലഹബാദ്: പല ബോളിവുഡ് സിനിമകളുടെയും പ്രമേയം, കുട്ടിക്കാലത്ത് ദുഷ്ടനായ വില്ലന്റെ ഇടപെടൽ കാരണം പരസ്പരം വേർപിരിയുന്ന സഹോദരങ്ങളാണ്. വലുതാവുമ്പോൾ അവരെ വിധി ഒന്നിപ്പിക്കുന്ന ശുഭപര്യവസായിയായ സിനിമകൾ ബോക്സോഫീസിലും വൻ വിജയങ്ങളാകാറുണ്ട്. സിനിമ കണ്ടിറങ്ങുന്ന കുടുംബങ്ങൾ തങ്ങളുടെ മക്കളെയും കെട്ടിപ്പിടിച്ച് സമാധാനത്തോടെ വീട്ടിലേക്കു തിരിച്ചുപോകും സിനിമയുടെ നിർമ്മാതാവ് പൊട്ടിച്ചിരിച്ചുകൊണ്ട് ബാങ്കിലേക്കും. എന്നാൽ ജീവിതത്തിൽ, തിരശ്ശീലയിൽ കാണുന്നത്ര ലളിതമല്ല സംഭവങ്ങൾ. വിധിവൈപരീത്യത്താൽ ഒരിക്കൽ കുടുംബത്തിൽ നിന്നും വേർപെട്ടുപോവുന്ന കുട്ടികൾ തിരിച്ച് കുടുംബത്ത് കേറാനുള്ള സാധ്യത വളരെ കുറവാണ്, കണക്കുകൾ പ്രകാരം. 

ഇന്ത്യയിൽ ഒരു വർഷം ഏകദേശം 60,000 കുഞ്ഞുങ്ങളെയെങ്കിലും കാണാതാവുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതായത് ഒരു ദിവസം 165 കുട്ടികൾ അവരുടെ മാതാപിതാക്കളിൽ നിന്നും വേർപെടുന്നു. യഥാർത്ഥത്തിലുള്ള കണക്കുകൾ ഇതിലും അധികമാവാനേ സാധ്യതയുള്ളൂ. കാരണം, പല കേസുകളിലും സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. കാണാതാവുന്ന കുട്ടികളിൽ മൂന്നിൽ രണ്ടുപേർക്കും  പിന്നീടൊരിക്കലും അവരുടെ അച്ഛനമ്മമാരെ കാണാനുള്ള ഭാഗ്യമുണ്ടാവാറില്ല.   

കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ട കാരണം അപഹരണം തന്നെയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘങ്ങൾ രാജ്യത്തിൻറെ പലയിടത്തും സജീവമാണ്. ചിലർ തട്ടിക്കൊണ്ടുപോയി പണം ഈടാക്കി കുഞ്ഞിനെ തിരികെ ഏൽപ്പിക്കുന്നു. മറ്റു ചിലർ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനും, ബാലവേലയ്ക്കും, ലൈംഗികവൃത്തികൾക്കും വരെ ഉപയോഗിക്കുന്നു. ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ അച്ഛനമ്മമാർ പെൺകുഞ്ഞുങ്ങളെ ഒഴിവാക്കാൻ വേണ്ടി തിരക്കുള്ളിടങ്ങളിൽ കുട്ടികളെയും കൊണ്ടു ചെന്ന്, അവരുമായി മനഃപൂർവം വേർപെടാറുണ്ട്. അത്തരത്തിലുള്ള വേർപിരിയലുകളുടെ ഇഷ്ട വേദിയാണ്, പന്ത്രണ്ടു വർഷത്തിലൊരിക്കൽ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേള. ഭാരതീയ മനഃശാസ്ത്രത്തിൽ, ഈ രീതിയെ പിൻപറ്റിക്കൊണ്ട്, 'കുംഭമേളാ സിൻഡ്രം' എന്നൊരു പ്രയോഗം തന്നെയുണ്ട്.

എന്നാൽ ഇത്തവണ ആ ഒരു ട്രെൻഡിന് തടയിടാനായി സന്നദ്ധ സംഘടനാ വളണ്ടിയർമാരുടെ സേവനങ്ങൾക്കൊപ്പം ടെക്‌നോളജിയെ കൂടി ആശ്രയിക്കുകയാണ് മേളയുടെ സംഘാടകർ. 50  ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഏകദേശം 12  കോടി പേർ വന്നുപോവുമെന്നാണ് കണക്ക്. ഇത്രയും അധികം പേര്‍ വന്നുപോവുന്ന തിരക്കുള്ളിടത്ത് നിന്നും സ്വാഭാവികമായി കാണാതെയാവുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നത് പോലും ശ്രമകരമായ ഒരു പ്രവൃത്തിയാവും. 

ഇത്തവണ ചൈൽഡ് റൈറ്റ്സ് ആൻഡ് യു (CRY), മെഹ്ഫൂസ്, കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നീ മൂന്ന് എൻജിഒകളാണ് പ്രധാനമായും അവരുടെ വളണ്ടിയർമാരുടെ സേവനങ്ങൾ ലഭ്യമാക്കുന്നത്. അവർ കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്ന തീർത്ഥാടകരുടെ ബോധവൽക്കരണത്തിനായുള്ള ലഘുലേഖകൾ വിതരണം ചെയ്തും പലയിടങ്ങളിലായി റിപ്പോർട്ടിങ്ങ് കൗണ്ടറുകൾ തുറന്നും എല്ലാം പ്രവർത്തിക്കുന്നുണ്ട്. KSCF മുക്തി കാരവാൻ എന്ന പേരിലുള്ള ഒരു സഞ്ചരിക്കുന്ന പ്രചാരണ സംവിധാനം കുംഭമേളയിൽ പല പ്രദേശങ്ങളിലായി ഇക്കുറി പ്രവർത്തിപ്പിക്കുന്നുണ്ട്. കാണാതാവുന്ന പല കുട്ടികളെയും പ്രൊഫഷണ സംഘങ്ങൾ തട്ടിക്കൊണ്ട് പോവുന്നതാകയാൽ ഈ സംഘടനകൾ മാതാപിതാക്കൾക്കും കുട്ടികൾക്കുമുള്ള സ്വയരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങളുടെ ഒരു പട്ടികയും വരുന്നവർക്കൊക്കെ കൈമാറുന്നുണ്ട്.

ഇതിനൊക്കെപ്പുറമെയാണ്, പ്രയാഗ് രാജ് പ്രാദേശിക ഭരണകൂടം പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നാല്പതിനായിരത്തോളം റിയൽ ടൈം റേഡിയോ ഫ്രീക്വൻസി റ്റാഗുകൾ (RFID) നൽകുന്നത്. കുട്ടികളുടെ കയ്യിൽ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയാത്തവണ്ണം ബന്ധിക്കുന്ന ഈ റ്റാഗുകൾ പൊലീസിന് നഗരത്തിൽ എവിടെയാണെങ്കിലും കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും തത്സമയം LED വാളുകളിൽ പ്രദർശിപ്പിക്കാനും കഴിയും.

പ്രമുഖ സെൽ ഫോൺ ഓപ്പറേറ്ററായി വോഡാഫോണുമായി സഹകരിച്ചുകൊണ്ടാണ് പോലീസ് കുട്ടികളുടെ സുരക്ഷയ്ക്കായി ഈ സംവിധാനമൊരുക്കുന്നത്. ഈ ടാഗുകളുടെ നിരീക്ഷണത്തിനായ പതിനഞ്ചോളം ഹൈ ടെക്ക് 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ സഹായവും ഈ ബൃഹദ് യജ്ഞത്തിൽ ഇത്തവണ പോലീസിനുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തവണയെങ്കിലും കാണാതാവുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്താനാവും എന്ന പ്രതീക്ഷയിലാണ് പ്രയാഗ് രാജ് പൊലീസ്.
 

Follow Us:
Download App:
  • android
  • ios