Asianet News MalayalamAsianet News Malayalam

ലോക്സഭാ മുൻ സ്പീക്കറും ഇടത് നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

വൃക്കരോഗം ബാധിച്ച് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. എണ്‍പത്തൊമ്പത് വയസായിരുന്നു. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.

2004 മുതൽ 2009വരെ ലോക്സഭ സ്പീക്കറായി. 2 തവണ മികച്ച പാര്‍ലമെന്‍റേറിയനുള്ള അംഗീകാരം സോമനാഥിനെ തേടിയെത്തി. ആണവകരാര്‍ വിഷയത്തിൽ ഇടതുപക്ഷം യു.പി.എക്കുള്ള പിന്തുണ പിൻവലിച്ചപ്പോൾ രാജിവെക്കാതിരുന്ന സോമനാഥിനെ പാര്‍ടിയിൽ നിന്ന് സിപിഎം പുറത്താക്കി. 2009ൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. സോമനാഥിന്‍റെ മൃതദേഹം കൊൽക്കത്തയിലെ സിപിഎം ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും.

പാർലമെൻറിന് അവഗണിക്കാനാകാത്ത ശബ്ദമായിരുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പാര്‍ലമെന്‍ററി ജനാധിപത്യത്തെ സോമനാഥ് ചാറ്റര്‍ജി സമ്പന്നമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി ആശുപത്രിയിലെത്തി ആദരാഞ്ജലി അ‍‍ർപ്പിച്ചു.