തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് പൂര്‍ണ്ണ അവകാശം ഉണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷത്തിന്‍റെ അവകാശം പൂര്‍ണ്ണമായും അംഗീകരിക്കും.ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുള്ള എല്ലാ അവകാശവും പ്രതിപക്ഷത്തിന് നിഷേധിക്കില്ലെന്നും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണൻ പറഞ്ഞു .

സ്വര്‍ണക്കടക്ക് കേസിൽ അടക്കം ഉയര്‍ന്ന ആരോപണങ്ങൾ വ്യക്തിപരമാണെന്ന് കരുതുന്നില്ല. .ചില പ്രത്യേക സാഹചര്യത്തിൽ നിയമസഭക്ക് അകത്ത് പ്രതിപക്ഷം ആക്ഷേപങ്ങൾ കൊണ്ടു വരുന്നതാണ്.രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും പി ശ്രീരാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ  കസ്റ്റംസ് വിളിച്ച് വരുത്തിയത് എന്തിനെന്ന് ഇപ്പോഴും അറിയില്ല. അയ്യപ്പെനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ്  ആവശ്യം ഒരിക്കലും നിഷേധിച്ചിട്ടില്ല. എട്ടിന് ഹാജരാകുമെന്ന് അയ്യപ്പൻ നേരത്തെ തന്നെ കസ്റ്റംസിനെ അറിയിച്ചിരുന്നു. എന്നാൽ അത് അനുസരിച്ചല്ല വാര്‍ത്തകൾ വന്നത്. ചട്ടങ്ങൾ പാലിക്കാതിരുന്നപ്പോൾ അത് ചൂണ്ടിക്കാട്ടുക മാത്രമാണ് ഉണ്ടായത്. അതിനപ്പുറം ഇക്കാര്യത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു. 

ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ സ്വീകരിക്കുന്നതിന് പോകുന്നതിന് തൊട്ടു മുൻപാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ പ്രതികരണം