Asianet News MalayalamAsianet News Malayalam

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി. 
 

Strong rains today and tomorrow Orange alert in five districts
Author
Thiruvananthapuram, First Published Oct 8, 2018, 6:21 AM IST

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി. 

ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാൻ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി കെഎസ്ഇബി 13 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും ഷട്ടർ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.

ലുബ്നു ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദം അറബിക്കടലില്‍ ലക്ഷദ്വീപിനരികിലൂടെ ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  
ഞായറാഴ്ച്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്.   

തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്രന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 70 കിമീയ്ക്ക് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്രകാലാവസ്ഥാ നിരീക്ഷവിഭാഗം പ്രഖ്യാപിക്കും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്പോള്‍ തന്നെ ഇപ്പുറം ആന്‍ഡമാന്‍ തീരത്തും മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറി ഒഡീഷ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios