Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ എന്തിന് മതസ്ഥാപനങ്ങളും ക്ഷേത്രവും നിയന്ത്രിക്കുന്നുവെന്ന് സുപ്രീംകോടതി

ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു  അറ്റോർണി ജനറലിന്‍റെ വാദം. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമർശം. 

Supreme Court asks why government to control religious institutions and temple
Author
Delhi, First Published Apr 9, 2019, 8:34 AM IST


ദില്ലി: മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് ചോദിച്ച് സുപ്രീംകോടതി. ഒരു മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തിൽ സർക്കാരിന്‍റെ ഇടപെടല്‍ എത്രത്തോളമാകാമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്‍റെ പരാമർശം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു  അറ്റോർണി ജനറലിന്‍റെ വാദം. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമർശം. 

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽനിന്ന് വിഗ്രഹങ്ങൾ മോഷണം പോകുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇത് മതവികാരത്തിന്‍റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമല ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നിയമിക്കുന്നത് സർക്കാരാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. സർക്കാർ നിയമിക്കുന്ന ബോർഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങൾ ഭരിക്കുന്നത്. 

മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തിൽ സർക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് അറ്റോർണി ജനറൽ ചോദിച്ചു. തുടര്‍ന്ന് അറ്റോർണിയുടെ വാദം ശരിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പുരി ക്ഷേത്രം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി രഞ്ജിത് കുമാർ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പലവിധത്തിലും പ്രയാസം നേരിടുന്നതായി ബെഞ്ച് പറഞ്ഞു. പാവപ്പെട്ടവരും നിരക്ഷരരുമാണ് പലപ്പോഴും പീഡിപ്പിക്കപ്പെടുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.

Follow Us:
Download App:
  • android
  • ios