Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ദുരന്തത്തിനുമേല്‍ രാഷ്ട്രീയം കളിച്ച് തമിഴ്‌നാട്

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അയച്ച കത്തിലുള്ളത്, ഈ ദുരന്ത മുഹൂര്‍ത്തത്തിലും ഒട്ടും അയയാന്‍ തയ്യാറില്ലെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ മനസ്സാണ്.  

tamilnadu plays politics over mullapperiyar water level
Author
Thiruvananthapuram, First Published Aug 16, 2018, 5:08 PM IST


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് പിന്തുണയുമായി രാജ്യമാകെ ഒരുമിക്കുമ്പോഴും രാഷ്ട്രീയം കളിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു കവിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം എടുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അയച്ച കത്തിലുള്ളത്, ഈ ദുരന്ത മുഹൂര്‍ത്തത്തിലും ഒട്ടും അയയാന്‍ തയ്യാറില്ലെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ മനസ്സാണ്.  

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വിശദമാക്കുന്നത്. 142 വരെ അടി വരെ വെള്ളം കയറിയാലും മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നായിരുന്നു നേരത്തെ തമിഴ്‌നാട് വാദിച്ചിരുന്നത്. ഈ വാദം ശരിയാണെന്ന് തെളിയിക്കാനാണ് ഈ അവസരം എടപ്പാടി ഉപയോഗിക്കുന്നത്. 

പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തിയേക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച 136 അടി ആയിരുന്ന വെള്ളത്തിന്റെ അളവ്, അത് പെട്ടെന്ന് വർദ്ധിച്ചാണ് 142-ൽ എത്തിയത്. ആറടിയാണ് വെള്ളം പൊങ്ങിയത്. ഒരു ദിവസം കൊണ്ടാണ് ആറടി കൂടിയത്. അത് ആരും പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. വെള്ളത്തിന്റെ അവസ്ഥ ഇപ്പോൾ നിയന്ത്രണത്തിലാണ്. എന്നാൽ മഴ കൂടുകയും അതേ സമയം ഇത്തരത്തിൽ സ്പിൽവേ ഉയരം ഒന്നര അടിയിൽ നിന്ന് ഒരടിയാക്കി കുറയ്ക്കുകയും ചെയ്താൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും. അവിടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തമിഴ്നാട് ആലോചിക്കുന്നില്ല എന്നതാണ് വസ്തുത. 

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനത്തിനായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. 

അടിയന്തരഘട്ടങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും ഈ ഘട്ടത്തില്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍തന്നെയാണ്. ജലനിരപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിശോധിക്കുമെന്നും ജലകമ്മീഷൻ ചെയർമാൻ അധ്യക്ഷനായി പുതിയ സമിതി രൂപീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിലവിലെ മേല്‍നോട്ട സമിതിയുടെ വീഴ്ച ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios