ദില്ലി: യുഎസ് പ്രഥമവനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശനവേളയില്‍ സ്‌കൂള്‍ കുട്ടിയുടെ കൗതുകകരമായ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. നാനക്പുരയിലെ സര്‍വോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ പഞ്ചാബി നൃത്തം- ഭാംഗ്ര അവതരിപ്പിച്ചിരുന്നു. വേദിയില്‍ നൃത്തം നടക്കുന്നതിനിടെ കാണികളായി ഇരുന്ന കുട്ടികളില്‍ ഒരാള്‍ എണീറ്റ് ചുവടുകള്‍ വെക്കുന്നതാണ് വീഡിയോയിലുള്ളത്. വേദിയിലെ കുട്ടികളുടെ പ്രകടനം ആസ്വദിച്ചിരുന്ന മെലാനിയ, ഗഗന്‍ജിത്ത് ചുവടുകള്‍ വെക്കുന്നത് കണ്ടതോടെ അവിടേക്ക് നോക്കുന്നതും ചിരിച്ച് കൈയടിക്കുന്നതും കാണാം.

എന്നാല്‍ ഗഗന്‍ജിത്ത് നൃത്തം ചെയ്യാന്‍ തുടങ്ങിയതോടെ മെലാനിയയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഓടിയെത്തി ഗഗന്‍ജിത്തിന്റെ പിന്നില്‍ നിലയുറപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മെലാനിയയോ സുരക്ഷാ ഉദ്യോഗസ്ഥനെയും ശ്രദ്ധിക്കാതെയാണ് കുട്ടി നൃത്തം തുടരുന്നത്.