ദൈനംദിന ജീവിതത്തിൽ സമ്മർദ്ദം കുറയ്ക്കാൻ പലതരം വഴികൾ ഉപയോ​ഗിക്കാറുള്ളവരാണ് ഭൂരിഭാ​ഗം പേരും. ജിമ്മുകളിൽ പോകുക, നൃത്തം പ്രാക്ടീസ് ചെയ്യുക, യാത്ര ചെയ്യുക, ഇഷ്ടമുള്ള പാട്ട് കേൾക്കുക അങ്ങനെ പല കാര്യങ്ങളിലും ആളുകൾ ഏർപ്പെടാറുണ്ട്. ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകളാണ് പൊലീസുകാരെന്ന് വേണമെങ്കിൽ പറയാം.  മാനസിക സമ്മർദ്ദത്തെ തുടർന്ന് പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ നിരവധി പുറത്തുവന്നിട്ടുമുണ്ട്.

എന്നാൽ സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി ഒരുകൂട്ടം പൊലീസുകാർ സുംബ പരിശീലിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ 750 പൊലീസുകാരാണ് സുംബ ഡാൻസ് ചെയ്യുന്നത്.  30 ആളുകളടങ്ങുന്ന 25 ഓളം ടീമുകളായിട്ടാണ് സുംബ പരിശീലിക്കുന്നത്.

ബെം​ഗളൂരു സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാനസിക പിരിമുറുക്കം അകറ്റുന്നതിനുള്ള താളചലനം എന്ന കുറിപ്പും വീഡിയോയ്‍ക്കൊപ്പമുണ്ട്. വളരെ ഊർജ്വസ്വലരായി നൃത്തം ചെയ്യുന്ന പൊലീസുകാരെ വീഡിയോയിൽ കാണാം. 

പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വീ‍ഡിയോ കണ്ടിരിക്കുന്നത്. എന്തായാലും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന എല്ലാ പൊലീസുകാർക്കും ഇത്തരത്തിൽ സുംബ ചെയ്യാമെന്നാണ് സൈബർ ലോകം പറയുന്നത്.

"