കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല സംസ്ഥാനങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. ഇന്നലെ മുതൽ  രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുകയാണിപ്പോള്‍.

കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരത്തിൽ പാട്ട് പാടി ബോധവത്ക്കരണം നടത്തുന്ന പൊലീസ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ബെം​ഗളൂരൂ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ തബാരക് ഫാത്തിമയാണ് ബോധവത്ക്കരണം നടത്താൻ വ്യത്യസ്ഥമായ മാർ​ഗം കണ്ടെത്തിയത്. സിറ്റി പൊലീസിന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എസിപി ആളുകളുടെ മധ്യേ നിൽക്കുന്നതും മൈക്കിലൂടെ കൊവിഡിനെ കുറിച്ചും ലോക്ക് ഡൗണിന്റെ പ്രാധാന്യത്തെ പറ്റിയും പറയുന്നത് വീഡിയോയിൽ കാണാം.

'ഹം ഹോ​ഗേ കമിയാബ്?'(നമ്മൾ മറിക്കടക്കുക തന്നെ ചെയ്യും) എന്ന ഹിന്ദി ഗാനം ഓർമ്മയുണ്ടോ എന്ന് ആളുകളോട് ചോദിച്ചുകൊണ്ടാണ് എസിപി പാടുന്നത്. പിന്നാലെ പ്രദേശത്ത് ഉണ്ടായിരുന്നവരും അവർക്കൊപ്പം ഏറ്റുപാടി. ഈ പാട്ടിന്റെ യഥാർത്ഥ വരികൾ മാറ്റി പകരം മാസ്ക് ധരിക്കാനും വീട്ടിലിരിക്കാനും കൈകഴുകുന്നതിനെ പറ്റിയും ഉൾപ്പെടുത്തിയാണ് എസിപി പാടുന്നത്. എന്തായാലും വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് എസിപിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.