ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് ബാധ പ്രവചിപ്പിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സില്‍വിയ ബ്രൗണ്‍ എന്ന എഴുത്തുകാരിയുടെ എൻഡ് ഓഫ് ഡെയ്‍സ്‍ എന്ന പുസ്‍തകത്തിലാണ് 2020ല്‍ കൊറോണ എത്തും എന്ന് പ്രവചിക്കുന്നത്. ഈ നോവലിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ് പുസ്‍തകത്തിലുള്ളത്. പുസ്‍തകം പുറത്തിറങ്ങിയത് 2008 ലാണ്.

കൊവിഡ് 19 എന്നത് പുസ്‍തകത്തില്‍ പരാമര്‍ശിക്കുന്നില്ല, പക്ഷേ, സാമ്യതകള്‍ നിരവധിയാണ് . 2020 എന്ന വര്‍ഷം പുസ്‍തകത്തില്‍ എടുത്തു പറയുന്നു. രോഗത്തിന് മരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ കൊറോണ വൈറസുമായുള്ള സമാനതകള്‍ വിചിത്രമാണ്.  അസുഖം വന്നതുപോലെ തന്നെ തിരികെ പോകും. വർഷങ്ങൾക്ക് ശേഷം വീണ്ടും വരുമെന്നും പിന്നീട് പൂർണമായും ഇല്ലാതാകും - പുസ്തകത്തിൽ പറയുന്നു

കൊറോണ വൈറസിനെ കുറിച്ചുള്ള പുസ്‍തകത്തിലെ ഭാഗം ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാണ്.  '2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കും. ശ്വാസകോശത്തെയാണ് ഈ അസുഖം ആക്രമിക്കുക. അറിയപ്പെടുന്ന എല്ലാ ചികിത്സകളും കൊണ്ട് ഈ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല' പുസ്‍തകം പറയുന്നു.

ഭാവി കാണുവാന്‍ സാധിക്കും എന്ന് അവകാശപ്പെട്ടിരുന്ന എഴുത്തുകാരിയായിരുന്നു സില്‍വിയ. ഇവര്‍ നവംബര്‍ 21 2013ല്‍ അന്തരിച്ചു. ഹോളിവുഡ് താരങ്ങള്‍ അടക്കം ഇവരുടെ ബുക്കിന്‍റെ ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തതോടെയാണ് ഈ ബുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇതിനൊപ്പം ആമസോണില്‍ ഈ ബുക്ക് വാങ്ങുവാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ന്യസ് വീക്കിന്‍റെ വാര്‍ത്ത പ്രകാരം അമസോണിലെ ഏറ്റവും വായിക്കപ്പെടുന്ന ഇ-ബുക്ക് ലിസ്റ്റില്‍ ആദ്യത്തെ പത്തില്‍ അമേരിക്കയിലും യുകെയിലും  'എൻഡ് ഓഫ് ഡെയ്‍സ്‍' എത്തിയെന്നാണ് പറയുന്നത്.

അതേസമയം കൊവിഡ് 19 വൈറസ് ബാധ യൂറോപ്പിൽ എമ്പാടും അതിരൂക്ഷമായി പടരുകയാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന കൊവിഡ് 19 വൈറസിന്‍റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ പൂർണ്ണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്.

സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. 

ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. സ്പെയിനിൽ 288 പേരും ഫ്രാൻസിൽ 120 പേരും ഇതുവരെ കൊവിഡ് 19 ബാധയിൽ മരിച്ചു. ഇംഗ്ലണ്ടിലും കൊവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.

ഇന്ത്യയിലാണെങ്കില്‍  ഒരാൾക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ഒഡിഷ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 115 ആയി ഉയർന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിതല ഉപസമിതി യോഗം ചേരും. ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാർ ഉൾപ്പെടുന്നതാണ് ഉപസമിതി.