Asianet News MalayalamAsianet News Malayalam

ട്രെയിനില്‍ കൊറോണ ബാധിച്ച് 'മരണം': 'പരേതന്‍' അഞ്ച് വര്‍ഷം ജയിലിലാകും; ബോധവത്കരണമെന്ന് വാദം - വീഡിയോ

ഈ രംഗങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രീകരിച്ച കാര പ്രാങ്ക് എന്ന  ബ്ലോഗര്‍ അത് സോഷ്യല്‍ മീഡിയയില്‍ ഫെബ്രുവരി 2ന് പോസ്റ്റ് ചെയ്തു. 

Coronavirus prankster faces five years jail for Moscow metro stunt
Author
Moscow, First Published Feb 12, 2020, 5:48 PM IST

മോസ്‌കോ: ട്രെയിനില്‍ ആളുകളെ ഭയചകിതരാക്കി കൊറോണ വൈറസ് ബാധിച്ച് മരിക്കും പോലെ അഭിനയിച്ച് പ്രാങ്ക് ചെയ്തയാള്‍ക്ക് അഞ്ച് വര്‍ഷം തടവ് ലഭിച്ചേക്കും.റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലാണ് സംഭവം. വീഡിയോയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മാസ്‌ക് ധരിച്ച ഒരു യുവാവിനെ കാണാം. തുടര്‍ന്ന് അയാള്‍ പെട്ടെന്ന് വെപ്രാളപ്പെട്ട് തറയില്‍ വീണ് പിടയുന്നു. പേടിച്ചരണ്ട കുറച്ച് ആളുകള്‍ ആ മനുഷ്യനെ സഹായിക്കാന്‍ ശ്രമിച്ചു മുന്നോട്ട് വരുന്നു. 

പക്ഷേ അതിനിടയില്‍ കുറച്ച് ആളുകള്‍ ''കൊറോണ വൈറസ്, കൊറോണ വൈറസ് ''എന്ന് പറയുന്നത് കേള്‍ക്കാം. പിന്നീട് യാത്രക്കാരെല്ലാം പരിഭ്രാന്തരാകുന്നതും അടുത്ത സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ ഓടി രക്ഷപ്പെടുന്നത് കാണാം. ഓടി രക്ഷപ്പെടുന്നതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് ചില യാത്രക്കാര്‍ക്ക് പരിക്കേറ്റു. 

ഈ രംഗങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രീകരിച്ച കാര പ്രാങ്ക് എന്ന  ബ്ലോഗര്‍ അത് സോഷ്യല്‍ മീഡിയയില്‍ ഫെബ്രുവരി 2ന് പോസ്റ്റ് ചെയ്തു. ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പിടിയിലായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ അഞ്ച് കൊല്ലംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ വിചാരണ തടവിലാണ് എന്നാണ് റഷ്യന്‍  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോധപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയതിനാണ് ഇയാള്‍ക്കെതിരായ പ്രധാന കേസ്.

അതേസമയം, ഈ വീഡിയോ ചിത്രീകരിച്ചത് കഠിനമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് തന്‍റെ കക്ഷി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്ലോഗറുടെ അഭിഭാഷകന്‍ പറഞ്ഞു. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ മാസ്‌കുകള്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യം കൂടി തന്റെ കക്ഷിക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇയാളുടെ വാദങ്ങള്‍ കോടതി സ്വീകരിക്കുമോ എന്ന് വിചാരണവേളയിലെ അറിയാന്‍ കഴിയൂ.

Follow Us:
Download App:
  • android
  • ios