ദില്ലി: കൊറോണ വൈറസ് ഭീതി വിതച്ച ചൈനയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിച്ചതിന്‍റെ ആഹ്ളാദം നൃത്തം വച്ച്  ആഘോഷിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ വൈറലാവുന്നു. ഹരിയാനയിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുന്നത്. മനേസറിലെ നിരീക്ഷണ ക്യാംപില്‍ മാസ്ക് ധരിച്ച് ഏതാനും യുവാക്കള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ധനഞ്ജയ് കുമാര്‍ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഭീതി പടരുന്ന അന്തരീക്ഷത്തിലും അസാമാന്യ ധൈര്യം കാണിക്കുന്ന ഇന്ത്യയുടെ യുവത്വമെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്. ബോളിവുഡ് താരം രവീണ ടണ്ടന്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത്തിയിരുന്നു. ഈ വിമാനത്തിൽ മലയാളികളടക്കം 323 ഇന്ത്യാക്കാരാണ് ഉള്ളത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കൂ.

ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. ഇവരും ഈ രണ്ട് ക്യാംപുകളിലായാണ് ഉള്ളത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ. അതിനിടെ കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചൈനയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും പൊതു ഇടങ്ങളില്‍ ഇറങ്ങരുത്.ഇവരുടെ കുടുംബാംഗങ്ങളും വീട് വിട്ട് ഇറങ്ങരുത്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അവധി ലഭിക്കാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. അതേസമയം കൊറോണയെ തുടർന്ന് ചൈനയിൽ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടും ചൈനയിൽ അപകടകരമായ രീതിയിൽ കൊറോണ പടരുകയാണ്. ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോർട്ട്. 

സർക്കാർ പുറത്തുവിടുന്ന കണക്കുകളനുസരിച്ച് മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിൽ ഏറെയായി. ഇവരിൽ പലരുടേയും നില മോശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഇതോടെ ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ചൈനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂടുതൽ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈത്തും വിലക്കേർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശം മറികടന്നാണ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നത്. ചൈനയുമായുള്ള അതിർത്തി അടയ്ക്കണണെന്നാവശ്യപ്പെട്ട് ഹോങ്കോങിലെ ഡോക്ടർമാരിൽ നല്ലൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതിർത്തികൾ അടയ്ക്കാതെ സ്കാനർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന വീണ്ടും നിർദേശിച്ചു. ഇതിനിടെ, അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.