നാ​ഗ്പൂർ: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ രാജ്യമെമ്പാടുമുള്ള പൊലീസുകാർ മുന്നിൽ തന്നെയുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തിലിറങ്ങുന്നവരെ വീട്ടിലിരുത്താന്‍ അവര്‍ പെടുന്ന പാട് ചില്ലറയല്ല. ജനങ്ങൾക്ക് മനസിലാകുന്ന താരത്തിൽ വളരെ ലളിതമായ രീതിയിലാണ് പൊലീസുകാർ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

അത്തരത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂര്‍ പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഡയലോഗിനെയും ഒരു ചിത്രത്തെയും കൂട്ടുപിടിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊലീസ് പറഞ്ഞിരിക്കുന്നത്.

"ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് കോമണ്‍ മാന്‍'' എന്ന ഡയലോഗ് കടമെടുത്ത് "ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് "എന്ന അടിക്കുറിപ്പിനോടൊപ്പം റയില്‍വെ സ്റ്റേഷനിലെ ബഞ്ചില്‍ ദീപികയും ഷാരൂഖും അകലമിട്ടിരിക്കുന്നതിന്റെ ഫോട്ടോയും നല്‍കിയിരിക്കുന്നു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് സൈബൽ ലോകം ഏറ്റെടുത്തുകഴി‍ഞ്ഞു. മാത്രമല്ല പൊലീസിന്റെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.