ഹോങ്കെ: ആഫ്രിക്കയിലെ ഹൊങ്കെ ദേശീയ ഉദ്യാനത്തില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ടൂറിസ്റ്റുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആഗോളതലത്തില്‍ വൈറലാകുകയാണ്. ഒരു ആനകുട്ടിയെ സിംഹം വേട്ടയാടുന്ന ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. വെള്ളം കുടിക്കുകയായിരുന്ന ആനകുട്ടിയെ പിന്നിലെ എത്തിയാണ് ആണ്‍ സിംഹം ആക്രമിക്കുന്നത്.

പതിവായി മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ഈ പ്രദേശത്ത് ആനക്കുട്ടി ഒറ്റപ്പെട്ടതാകാം. കൂട്ടത്തില്‍ നിന്നും പിരിഞ്ഞ ആനക്കുട്ടിയെ ലക്ഷ്യം വച്ച് ആദ്യം എത്തിയ ആണ്‍ സിംഹത്തിന് പിന്നാലെ ആറ് പെണ്‍സിംഹങ്ങളും എത്തി. ആദ്യം ആണ്‍സിംഹത്തിനെതിരെ ആനക്കുട്ടി പ്രതികരിച്ചു. ഇതോടെ സിംഹം ആക്രമിക്കാതെ മാറി. എന്നാല്‍ തുടര്‍ന്ന് ആക്രമണം വരില്ല എന്ന ധാരണയില്‍ നിന്ന ആനകുട്ടിയെ ആണ്‍സിംഹവും പെണ്‍സിംഹങ്ങളും ഇരയാക്കി.

സിംഹങ്ങള്‍ പൊതുവില്‍ ആനകളെ ആക്രമിക്കാറില്ലെന്നാണ് ഹൊങ്കെ ദേശീയ ഉദ്യാനത്തിലെ അധികൃതര്‍ തന്നെ പറയുന്നത്. അതിനാല്‍ തന്നെ അപൂര്‍വ്വമായ കാഴ്ചയാണ് സിംഹത്തിന്‍റെ ആനവേട്ട. അടുത്തെങ്ങും ആനക്കൂട്ടം ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് സിംഹത്തിന്‍റെ ആക്രമണം എന്നതും ശ്രദ്ധേയമാണ്.