കൊവിഡ് 19 വൈറസ് ബാധയ്ക്ക് പിന്നാലെ കേരളം ആരോഗ്യ മേഖലയില്‍ സ്വീകരിച്ച പല നിലപാടുകളും അന്തര്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്. മറ്റ് പല രാജ്യങ്ങളിലും കൊവിഡ് 19 ബാധിതരുമായി അടുത്തിടപഴകുന്നവരായ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന അവഗണനയുടെ നേര്‍ചിത്രം വിശദമാക്കുന്നതാണ് നഴ്സായ ഷേര്‍ലി സാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിന് നല്‍കിയിട്ടുള്ള സുരക്ഷാ സ്യൂട്ടിന്‍റെ ചിത്രവും ഷേര്‍ലി പങ്കുവക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങള്‍ ഇന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ പരാജയപ്പെടുമ്പോഴാണ് കൊച്ച് സംസ്ഥാനമായ കേരളം അത് ചെയ്തു കാണിക്കുന്നത്. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്‍ 95 മാസ്ക് പോലും ലഭ്യമാകാത്ത സാഹചര്യം പല വികസിത രാജ്യങ്ങളിലുമുണ്ട്. 

ഇതെല്ലാം കാണുമ്പോള്‍ സര്‍ക്കാരിലെ വിശ്വാസം നഷ്ടമാവുകയാണ്. ലക്ഷങ്ങള്‍ ചിലവിട്ട് പണിത വീടുകളില്‍ താമസിക്കുന്നതും കോടികളുടെ കാറില്‍ സഞ്ചരിക്കുന്നതുമല്ല കാര്യം. നിങ്ങള്‍ രോഗബാധിതയാവുമ്പോള്‍ നിങ്ങളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതും സര്‍ക്കാരിന്‍റെ ചുമതലയാണ് എന്നും ഷേര്‍ലി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരെ കരുതുന്ന കൊച്ച് കേരളത്തില്‍ നിന്ന് നഴ്സിങ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഷേര്‍ലി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കവര്‍ സുരക്ഷാ സ്യൂട്ടുകളുടെ അപര്യാപ്തത നിമിത്തം പ്ലാസ്റ്റിക് കവറുകള്‍ സ്യൂട്ടുകളാക്കേണ്ട അവസ്ഥയേക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കയിലെ മാന്‍ഹാട്ടനിലെ മൌണ്ട് സിനായ് ആശുപത്രിയില്‍ നിന്നുള്ളതായിരുന്നു പുറത്ത് വന്നത്.