തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങള്‍ ചൂടു പിടിക്കുമ്പോഴും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം തണുപ്പിലാണ്.പുതുവര്‍ഷം പിറന്ന ശേഷം സംസ്ഥാനത്തെ പല ജില്ലകളിലും കുറഞ്ഞ താപനിലയില്‍ 4 ഡിഗ്രിയോളം കുറവുണ്ടായി. മൂന്നാറിലാകട്ടെ പല ദിവസങ്ങളിലും രാത്രി താപനില മൈനസ് 2 ഡിഗ്രി വരെയെത്തി. അപ്രതീക്ഷിതമായെത്തിയ ഈ കൊടും തണുപ്പ്  പലതരം ആശങ്കകൾക്ക് വഴിവച്ചെങ്കിലും അതെല്ലാം തള്ളിക്കളയുകയാണ് കാലാവസ്ഥാ വിദ​ഗ്ദ്ധർ. 

കേരളത്തില്‍ തണുപ്പ് കൂടിയതില്‍  അസാധാരണമായി ഒന്നുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് കുറയുമെന്നും വരള്‍ച്ചയുടെ  സൂചനയാണ് ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിനു പിന്നിലെന്ന നിരീക്ഷണത്തിന് അടിസ്ഥാനമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എ.സന്തോഷ് വ്യക്തമാക്കുന്നു.

പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്ററര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് ഇപ്പോഴത്തെ തണുപ്പിന് വഴി വച്ചത്. സാധാരണ ഈ കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് വീശാറുള്ളത്. എന്നാല്‍ ഇത്തവണ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പര്‍വ്വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേകി.

ഒക്ടബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷകാലത്ത് കേരളത്തില്‍ 3.34 ശതമാനം മഴ കുറവാണ് പെയ്തത്. പത്തനംതിട്ട,എറണാകുളം, കോട്ടയം ജില്ലകളില്‍  40 ശതമാനത്തിലേറെ മഴ അധികം കിട്ടി. കാസര്‍കോട്ടും പാലക്കാട്ടും 37 ശതമാനം മഴ കുറഞ്ഞു. തണുപ്പ് കൂടിയത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയാണെന്ന രീതിയില്‍ പലരും വിലയിരുത്തുന്നുണ്ട്. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.