ദില്ലി: ഏഷ്യന്‍ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമന്‍, വനിതാ ഗുസ്‌തി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. ടോക്കിയോ ഒളിംപിക്‌സിനുള്ള യോഗ്യത ഉറപ്പിക്കാനുള്ള റാങ്കിംഗ് ടൂര്‍ണമെന്‍റായതിനാല്‍ മത്സരങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

മുപ്പത് അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ബജ്റംഗ് പൂനിയ, ദീപക് പൂനിയ, രവി ദഹിയ, വിനേഷ് ഫോഗത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പ്രധാനതാരങ്ങള്‍. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബജ്റംഗിന്‍റെ സ്വര്‍ണം അടക്കം 16 മെഡലുകള്‍ ഇന്ത്യ നേടിയിരുന്നു. 

കൊറോണ വൈറസ് ആശങ്ക കാരണം ചൈനീസ് സംഘത്തിന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. അതേസമയം നാല് പാകിസ്ഥാന്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിൽ മത്സരിക്കും. ഇറാന്‍, കൊറിയ, ജപ്പാന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളും പങ്കെടുക്കും. ദില്ലി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിലെ കെ ഡി ജാദവ് ഹാളാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്നത്. വൈകിട്ട് ആറ് മുതല്‍ രാത്രി 9.15 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. അടുത്ത ഞായറാഴ്‌ച ചാമ്പ്യന്‍ഷിപ്പ് അവസാനിക്കും.