Asianet News MalayalamAsianet News Malayalam

റിംഗിൽ മാരക പ്രഹരമേറ്റ ബോക്‌സർക്ക് ദാരുണാന്ത്യം; സങ്കടമടക്കാനാവാതെ വൈകാരിക കുറിപ്പുമായി എതിരാളി

  • പാട്രികിനെ കൊലപ്പെടുത്തണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് മത്സരത്തിൽ വിജയിച്ച ചാൾസ് കോൺവെൽ ട്വീറ്റ് ചെയ്തു
  • പാട്രികിന് വേണ്ടി ലോകകിരീടം നേടുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും ചാൾസ് കോൺവെൽ
Boxer Patrick Day dies four days after being knocked out
Author
Chicago, First Published Oct 17, 2019, 12:32 PM IST

ചിക്കാഗോ: മത്സരത്തിനിടെ ബോക്സിംഗ് റിംഗിൽ വച്ച് ഗുരുതരമായി പരിക്കേറ്റ ബോക്സർ പാട്രിക് ദേ ചികിത്സയിലിരിക്കെ നാലാം നാൾ മരിച്ചു. മത്സരത്തിൽ ചാൾസ് കോൺവെല്ലിനോട് തോറ്റ് പുറത്തായ ഇദ്ദേഹം മത്സരത്തിനിടെ തലച്ചോറിൽ ക്ഷതമേറ്റതിന് ചികിത്സയിലായിരുന്നു. 

പാട്രികിനെ കൊലപ്പെടുത്തണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് കോൺവെൽ ട്വീറ്റ് ചെയ്തു. ജയിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും, ആ മത്സരം തിരിച്ചെടുക്കാൻ സാധിക്കുമായിരുന്നെങ്കിൽ താനത് ചെയ്യുമായിരുന്നുവെന്നും കോൺവെൽ കുറിച്ചു. 

"എനിക്കിത് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല. എങ്ങിനെയായിരിക്കും എന്റെ കുടുംബവും സുഹൃത്തുക്കളും ഈ കാര്യത്തെ നോക്കിക്കാണുകയെന്ന് ആലോചിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല. എവിടെ പോയാലും ഞാൻ നിന്നെ മാത്രമാണ് കാണുന്നത്. നിന്നെക്കുറിച്ചുള്ള ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമാണ് കേൾക്കുന്നത്. ബോക്സിംഗ് വിടുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു. പക്ഷെ ഹൃദയം കൊണ്ട് പോരാളിയായ നീ അതാവില്ല ആഗ്രഹിക്കുകയെന്ന തോന്നലിലാണ് ആ തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറിയത്. അതുകൊണ്ട് നീ ആഗ്രഹിച്ച ലോക കിരീടം നേടിയെടുക്കാനാവും ഞാൻ ശ്രമിക്കുക. എല്ലാ ദിവസവും എനിക്ക് ഉത്തേജനമാവുക നീയാവും."  

ചിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ നടന്ന സൂപ്പർ വെൽറ്റർവെയ്റ്റ് ബൂട് മത്സരത്തിൽ കോൺവെൽ ആറാം റൗണ്ടിലാണ് പാട്രികിനെ ഇടിച്ച് വീഴ്ത്തിയത്. പാട്രിക് എഴുന്നേൽക്കാതിരുന്നതോടെ വൈദ്യസംഘം ഓടിയെത്തി. പ്രാഥമിക പരിശോധനകൾക്ക് ശേഷം പാട്രികിനെ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്ത് ചാൾസിനെ വിജയിയായി പ്രഖ്യാപിച്ചു.

2016 ഒളിംപിക് മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ചാൾസ്, മത്സരത്തിൽ തുടക്കം മുതൽ തന്നെ മേധാവിത്തം പുലർത്തിയിരുന്നു. എന്നാൽ തോറ്റുകൊടുക്കാൻ പാട്രിക് ഒരുക്കമായിരുന്നില്ല. ശക്തമായ പോരാട്ടം തുടർന്നെങ്കിലും ആറാം റൗണ്ടിൽ ചാൾസിന്റെ ഒരു ഇടി പാട്രികിന്റെ തലയിലേൽക്കുകയും അയാൾ നിലത്ത് വീഴുകയുമായിരുന്നു.

Follow Us:
Download App:
  • android
  • ios