ഫ്രാങ്ക്ഫര്‍ട്ട്: മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദുമായി ചതുരംഗക്കളത്തില്‍ ഏറ്റുമുട്ടാന്‍ ആരാധകര്‍ക്ക് അവസരം. കൊവിഡ് രോഗബാധിതരെ സഹായിക്കന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന സ്വരൂപിക്കാനാണ് ആരാധകരുമായി ഓണ്‍ലൈന്‍ ചെസ് മത്സരത്തില്‍ ആനന്ദ് പങ്കെടുക്കുന്നത്. 

25 ഡോളര്‍ നല്‍കി രജിസ്ട്രേഷനെടുത്താല്‍ ആറ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടുപേര്‍ക്കെതിരെ ഒരാള്‍ക്ക് മത്സരിക്കാം. ആനന്ദിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പക്ഷെ 150 ഡോളറാണ് സംഭാവനയായി നല്‍കേണ്ടത്. ആനന്ദിന് പുറമെ കൊനേരു ഹംപി, പി ഹരികൃഷ്ണന്‍, ബി ആഥിപന്‍, വിദിത്ത് ഗുജറാത്തി എന്നിവരുള്‍പ്പെടെ 11 ഇന്ത്യന്‍ താരങ്ങളും  ഈ ഓണ്‍ലൈന്‍ ചെസ് മത്സരത്തില്‍ പങ്കാളികളാകും. 

ഏപ്രില്‍ 11ന് ശനിയാഴ്ച വൈകിട്ട് ഏഴരക്ക് ചെസ് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെയാണ് ആരാധകര്‍ക്ക് ആനന്ദതിനെതിരെ ചെസ് കളിക്കാന്‍ അവസരം ലഭിക്കുക. യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജര്‍മനിയിലാണ് ഇപ്പോള്‍ അനന്ദ്. ലോകം കടുത്ത പരീക്ഷണഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ രോഗബാധിതരെ സഹായിക്കാന്‍ ചെസ് ലോകത്തിന് ചെയ്യാനാവുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭമെന്ന് ആനന്ദ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.