Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ട് റോജര്‍ ഫെഡറര്‍, വിജയം അഞ്ച് സെറ്റുകള്‍ക്ക് ശേഷം

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് റോജര്‍ ഫെഡറര്‍. ആതിഥേയതാരം ജോണ്‍ മില്‍മാനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൊടുവിലാണ് മുന്‍ ചാംപ്യന്‍ ജയിച്ചു കയറിയത്. സ്‌കോര്‍ 6-4, 6-7, 4-6, 6-4, 6-7.

federer into the fourth round of australian open
Author
Melbourne VIC, First Published Jan 24, 2020, 7:24 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് റോജര്‍ ഫെഡറര്‍. ആതിഥേയതാരം ജോണ്‍ മില്‍മാനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൊടുവിലാണ് മുന്‍ ചാംപ്യന്‍ ജയിച്ചു കയറിയത്. സ്‌കോര്‍ 6-4, 6-7, 4-6, 6-4, 6-7. ടൂര്‍ണമെന്റിലെ മൂന്നാം സീഡായ ഫെഡറര്‍ അനായാസം ജയിച്ചുപോരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മൂന്നാം റൗണ്ട് മത്സരം അല്‍പം കടുത്തു. സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ ആദ്യമായിട്ടാണ് ഫെഡറര്‍ ഒരു സെറ്റ് വഴങ്ങുന്നത്. ആദ്യ രണ്ട് മത്സരത്തിലും ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയിച്ചത്.

ആദ്യസെറ്റ് മില്‍മാന് ഒപ്പം നിന്നു. എന്നാല്‍ രണ്ടാം സെറ്റ് ടൈബ്രേക്കില്‍ പിടിച്ചെടുത്തു. മൂന്നാം സെറ്റ് ഫെഡറര്‍ക്ക് അനായാസമായിരുന്നു. എന്നാല്‍ നാലാം സെറ്റില്‍ മില്‍മാന്‍ തിരിച്ചെത്തി. അഞ്ചാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. പിന്നാലെ മത്സരം ടൈബ്രേക്കിലേക്ക് നീണ്ടു. എന്നാല്‍ ഫെഡററുടെ പരിചയസമ്പത്തിന് മുന്നില്‍ മില്‍മാന് പിടിച്ചുനില്‍ക്കാനായില്ല. ടൈബ്രേക്കിലേക്ക് നീണ്ട മത്സരം ഫെഡറര്‍ 6-7ന് സ്വന്തമാക്കി.

അട്ടിമറികളുടെ ദിവസമായിരുന്നു ഇന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍. വനിതളില്‍ മുന്‍ ചാംപ്യന്‍ സെറീന വില്യംസിന് പിന്നാലെ നിലവിലെ ചാംപ്യന്‍ നവോമി ഓസാക്കയും മൂന്നാം റൗണ്ടില്‍ പുറത്തായി. പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരവും ഒമ്പതാം സീഡുമായ ബൗട്ടിസ്റ്റ് അഗട്ടിനും നാലാം റൗണ്ടിലേക്ക് കടക്കാനായില്ല. അതേസമയം നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് നാലാം റൗണ്ടിലെത്തി.

15കാരി കൊകൊ ഗൗഫിനോട് പരാജയപ്പെട്ടാണ് നിലവിലെ ചാംപ്യനായ ഒസാക പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഗൗഫിന്റെ ജയം. സ്‌കോര്‍ 3-6, 4-6. നേരത്തെ സെറീന മൂന്നാം റൗണ്ടില്‍ പുറത്തായിരുന്നു. ചൈനയുടെ വാങ് ക്വിയാങ്ങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍ 6-4, 2-6, 7-5. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴ് തവണ കിരീടം നേടിയിട്ടുണ്ട് സെറീന. 

പുരുഷ വിഭാഗത്തില്‍ ആറാം സീഡായ സ്റ്റാഫെനോസ് സിറ്റ്‌സിപാസിന് നാലാം റൗണ്ടിലെത്താനായില്ല. കാനഡയുടെ മിലോസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം പരാജയപ്പെട്ടത്. സ്‌കോര്‍ 5-7, 4-6, 6-7. 12ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി നാലാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ഗ്വെയ്‌ഡൊ പെല്ലയെ 6-7, 2-6, 3-6ന് പരാജയപ്പെടുത്തി. 

ഒമ്പതാം സീഡ് അഗട്ട് അഞ്ച് സെറ്റുകള്‍ക്കൊടുവില്‍ മരീന്‍ സിലിച്ചിന് മുന്നില്‍ തോല്‍വി സമ്മതിച്ചു. സ്‌കോര്‍ 6-7, 6-4, 6-0, 5-7, 6-3. നിലവിലെ ചാംപ്യന്‍ ജോക്കോവിച്ചാവട്ടെ 3-6, 2-6, 2-6ന് ജപ്പാന്റെ യോഷിഹിറ്റൊ നിഷ്യോകയെ പരാജയപ്പെടുത്തി. സ്‌കോര്‍ 3-6, 2-6, 2-6. 

Follow Us:
Download App:
  • android
  • ios