Asianet News MalayalamAsianet News Malayalam

ഇന്ത്യ അയക്കാത്ത ഇന്ത്യന്‍ ടീമിനെ വീഴ്ത്തി പാക്കിസ്ഥാന് കബഡി ലോകകപ്പ്; അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍

അതേസമയം, പാക്കിസ്ഥാന്‍ സംഘടിപ്പിച്ച കബഡി ലോകകപ്പിന് അംഗീകാരമില്ലെന്ന് ലോക കബഡി ഫെഡറേഷന്‍ ഇന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള കബഡി താരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി.

Imran Khan Congratulates Pakistan for Beating 'Unofficial Indian Team' in Kabaddi World Cup Final
Author
Lahore, First Published Feb 17, 2020, 8:26 PM IST

കറാച്ചി: ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച് കബഡി ലോകകപ്പില്‍ കിരീടം ചൂടിയ പാക്കിസ്ഥാന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഞായറാഴ്ച നടന്ന കിരീട പോരാട്ടത്തില്‍ 43-41നാണ് പാക്കിസ്ഥാന്‍ ജയിച്ചത്.

അതേസമയം, പാക്കിസ്ഥാന്‍ സംഘടിപ്പിച്ച കബഡി ലോകകപ്പിന് അംഗീകാരമില്ലെന്ന് ലോക കബഡി ഫെഡറേഷന്‍ ഇന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള കബഡി താരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പങ്കെടുത്ത ഇന്ത്യന്‍ കബഡി ടീമിന് ഇന്ത്യന്‍ ടീം എന്ന പേരില്‍ കളിക്കാനാവില്ലെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ജേഴ്സിയില്‍ ഇന്ത്യ എന്ന പേര്  ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ദേശീയ കബഡി ഫെഡറേഷന്‍ പാക് കബഡി ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ എന്നെഴുതിയ ജേഴ്സി ധരിച്ചുതന്നെയാണ് കളിക്കാര്‍ മത്സരത്തില്‍ പങ്കെടുത്തതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള കായികബന്ധങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ആതിഥ്യം വഹിച്ച കബഡി ലോകകപ്പില്‍ കളിക്കാന്‍ പോയ താരങ്ങളെക്കുറിച്ച് കായികമന്ത്രാലയം നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Imran Khan Congratulates Pakistan for Beating 'Unofficial Indian Team' in Kabaddi World Cup Final45 കളിക്കാരും 12 ഒഫീഷ്യല്‍സും  അടങ്ങിയ സംഘമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ പാക്കിസ്ഥാനില്‍ കബഡി ലോകകപ്പില്‍ പങ്കെടുക്കാനായി പോയത്. ഭൂരിഭാഗം കളിക്കാരും പഞ്ചാബില്‍ നിന്നുള്ളവരാണ്.  വാഗാ അതിര്‍ത്തിവഴി കഴിഞ്ഞ ശനിയാഴ്ചയാണ് ടീം പാക്കിസ്ഥാനിലെത്തിയത്. വിജയികള്‍ക്കുള്ള സമ്മാനത്തുകയായിരുന്നു കളിക്കാരെ പാക്കിസ്ഥാനിലേക്ക് പോകാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. വിജയികള്‍ക്ക് ഒരു കോടി രൂപയും റണ്ണേഴ്സ് അപ്പിന് 75 ലക്ഷവുമായിരുന്നു സമ്മാനത്തുക.

കഴിഞ്ഞ ആറു തവണയും കബഡി ലോകകപ്പിന് ഇന്ത്യയാണ് ആതിഥ്യം വഹിച്ചത്. ആറുതവണയും ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്തു. ഇതില്‍ തന്നെ 2012, 2013,2014, 2019 വര്‍ഷങ്ങളില്‍ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

Follow Us:
Download App:
  • android
  • ios