Asianet News MalayalamAsianet News Malayalam

ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മരിയ ഷറപ്പോവ

2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായത്. 2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

Maria Sharapova announces tennis retirement
Author
Moscow, First Published Feb 26, 2020, 7:43 PM IST

മോസ്കോ: അഞ്ചു തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായിട്ടുള്ള റഷ്യയുടെ മരിയ ഷറപ്പോവ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ദീര്‍ഘകാലമായി തോളിലെ പരിക്ക് അലട്ടിയിരുന്ന 32കാരിയായ ഷറപ്പോവ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച ഷറപ്പോവ രണ്ടിലും പരാജയപ്പെട്ടിരുന്നു. വാനിറ്റി ഫെയറിലും വോഗിലും എഴുതിയ ലേഖനത്തിലൂടെയാണ് ഷറപ്പോവ മത്സര ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായത്. 2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

Maria Sharapova announces tennis retirementഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും(2012, 2014) യുഎസ് ഓപ്പണ്‍(2006), ഓസ്ട്രേലിയന്‍ ഓപ്പണ്‍(2008) എന്നിവയില്‍ ഓരോ തവണയും കിരീടം നേടി ഷറപ്പോവ കരിയര്‍ ഗ്രാന്‍സ്ലാം പൂര്‍ത്തിയാക്കി. 2016ല്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്  15 മാസത്തെ വിലക്ക് നേരിട്ട ഷറപ്പോവ തിരിച്ചുവരവില്‍ ഒരു പ്രധാന ടൂര്‍ണമെന്റില്‍ മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.

മുന്‍ ലോക ഒന്നാം റാങ്കുകാരിയായ ഷറപ്പോവ നിലവില്‍ റാങ്കിംഗില്‍ 373ാം സ്ഥാനത്താണ്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരാജയപ്പെട്ടശേഷം ഇത് കരിയറിലെ അവസാന ഗ്രാന്‍സ്ലാമാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഷറപ്പോവയുടെ മറുപടി. ടെന്നീസിന് പുറമെ ഫാഷന്‍ ലോകത്തും ഗ്ലാമര്‍ താരമായി ഷറപ്പോവ ആരാധകരുടെ മനം കവര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios