Asianet News MalayalamAsianet News Malayalam

മുഹമ്മദ് അനസിനും പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതും അടക്കമുള്ള പ്രകടനമാണ് മുഹമ്മദ് അനസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

Muhammed Anas PC Thulasi Joby George wins G V Raja Awards
Author
Thiruvananthapuram, First Published Jan 16, 2020, 10:45 AM IST

തിരുവനന്തപുരം: ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അത്‌ലറ്റ് മുഹമ്മദ് അനസും ബാഡ്‌മിന്‍റണ്‍ താരം പി സി തുളസിയും മികച്ച താരങ്ങളായപ്പോള്‍ മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സ്‌പോര്‍‌ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജിനാണ്. 

പുരുഷ താരങ്ങളില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതും അടക്കമുള്ള പ്രകടനമാണ് മുഹമ്മദ് അനസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വനിതകളില്‍ ഏഷ്യന്‍ ഗെയിംസ് വെങ്കല നേട്ടമാണ് പിസി തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇരുവര്‍ക്കും മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

അത്‌ലറ്റിക് പരിശീലകന്‍ ടിപി ഔസേഫിനാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യന്‍സ് അടക്കമുള്ളവരുടെ പരിശീലകനായിരുന്നു. ഫുട്ബോള്‍ കോച്ച് സജീവന്‍ ബാലനാണ് മികച്ച കായിക പരിശീലകനുള്ള പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

ജിവി രാജ ദൃശ്യമാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സ്‌പോര്‍‌ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മലയാളി പെരുമ ഉയര്‍ത്തിക്കാട്ടുന്ന സമഗ്ര റിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മലയാളി താരങ്ങളുടെ മുന്‍കാല പ്രകടനവും കയ്യടക്കത്തോടെ ജോബി ജോര്‍ജ് കൈകാര്യം ചെയ്തതായി ജൂറി വിലയിരുത്തി. 

Follow Us:
Download App:
  • android
  • ios