ഹൈദരാബാദ്: കൊവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ ധനസഹായം. ആന്ധ്രാ പ്രദേശ് തെലങ്കാന സര്‍ക്കാരുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് സിന്ധു ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കൊറോണക്കാലത്ത് ദുരിതത്തിലായവരെ കൈപിടിച്ചുയര്‍ത്താന്‍ സഹായവുമായി കഴിഞ്ഞദിവസം എത്തിയതിന് പിന്നാലെയാണ് സിന്ധു സഹായവുമായെത്തിയത്.

നേരത്തെ ഇന്ത്യന്‍ വനിത ടെന്നിസ് താരം സാനിയ മിര്‍സയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച് ജീവിക്കുന്നവരെ സഹായിക്കാന്‍ പണം സമാഹരിക്കുകയാണ് ടെന്നിസ് താരം സാനിയ മിര്‍സ.'ലോകം പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത് വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്'- സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തേ, ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനുംയൂസഫ് പത്താനും വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 4000 മാസ്‌കുകള്‍ കൈമാറിയിരുന്നു. കൊറോണ ബാധിതര്‍ക്ക് സഹായവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും എത്തിയിരുന്നു. 50 ലക്ഷം രൂപയുടെ അരി ദുരിതത്തിലായ ബംഗാള്‍ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ദാദവ്യക്തമാക്കി.