ടോക്കിയോ: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സ് നീട്ടിവച്ചു. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനും രാജ്യാന്തര ഒളിംപിക് സമിതിയും ഇക്കാര്യത്തില്‍ ധാരണയിലെത്തുകയായിരുന്നു. ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന് രാവിലെ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. ഒളിംപിക് കമ്മിറ്റി അംഗം ഡിക് പൗണ്ട് ഇക്കാര്യം വ്യ്ക്തമാക്കുകയും ചെയ്തു. ഔദ്യോഗിക വാര്‍ത്ത മാത്രമാണ് പിന്നീട് വരാനുണ്ടായിരുന്നത്. 

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജപ്പാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. നേരത്തേ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ടീമിനെ അയക്കില്ലെന്ന് പറഞ്ഞിരുന്നു. മാത്രമല്ല കായികതാരങ്ങളുടെ അഭിപ്രായങ്ങളും ജപ്പാനെയം ഒളിംപിക് സമിതിയേയും സമ്മര്‍ദ്ദത്തിലാക്കി.

ഒളിംപിക്സ് മാറ്റിവെക്കണമെന്ന് അമേരിക്കന്‍ അത്ലറ്റിക്‌സ് ഇതിഹാസം കാള്‍ ലൂയിസ് അഭിപ്രായപ്പെട്ടിരുന്നു. 2022ലെ ശൈത്യകാല ഒളിംപിക്‌സിന് ശേഷം ഗെയിംസ് നടത്താവുന്നതാണെന്നാണ് ലൂയിസ് പറഞ്ഞത്. അനിശ്ചിതത്വം താരങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുമെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഗെയിംസ് മാറ്റുന്നത് ഏവരും അംഗീകരിക്കുമെന്നും കാള്‍ ലൂയിസ് കൂട്ടിച്ചേര്‍ത്തു.