Asianet News MalayalamAsianet News Malayalam

പാലായിലേത് ചോദിച്ച് വാങ്ങിയ പരാജയം; ജോസ് കെ മാണിയെ കുറ്റപ്പെടുത്തി പി ജെ ജോസഫ്

പാലായിലെ തോൽവിക്ക് പിന്നാലെ പരസ്പരം പഴിചാരി പരാജയത്തിന്‍റെ ഉത്തരവാദിത്വം എതിർചേരിയുടെ തലയിൽ മാത്രമായി കെട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ് ജോസഫ്-ജോസ് വിഭാഗങ്ങൾ നടത്തുന്നത്. പാലായില്‍ പോര് അവസാനിക്കുന്നില്ല.

joseph blames pala failure on jose k mani
Author
Kottayam, First Published Sep 28, 2019, 4:12 PM IST

കോട്ടയം: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വീണ്ടും ജോസ് കെ മാണിയെ കടന്നാക്രമിച്ച് പി ജെ ജോസഫ്. പാലായിലെ പരാജയം ചോദിച്ച് വാങ്ങിയതാണെന്നും, ചിഹ്നം കിട്ടിയാൽ ജയിക്കുമായിരുന്നുവെന്ന് പറയുന്നവർ പാർട്ടി ഭരണഘടനാ പ്രകാരം ചിഹ്നം നൽകാൻ അധികാരമുള്ള പാർട്ടി വർക്കിംഗ് ചെയർമാനോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ ചിഹ്നം ലഭിക്കുമായിരുന്നുവെന്ന് വ്യക്തമാക്കി. രണ്ടില നല്‍കാൻ തയ്യാറായെങ്കിലും ധിക്കാരപരമായി അത് നിഷേധിച്ച് ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് ജോസഫ്  പറയുന്നത്.

തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ജോസ് പക്ഷത്തിനെന്ന് പറഞ്ഞ പി ജെ ജോസഫ് . രണ്ടില ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തവും  ജോസ് പക്ഷത്തിനാണെന്ന് അടിവരയിടുകയാണ്. സ്ഥാനാർത്ഥിക്ക് ജയസാധ്യതയില്ലായിരുന്നുവെന്നും നേരത്തെ പറ‍ഞ്ഞിരുന്നു. ധിക്കാരപരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ജോസഫ് കുറ്റപ്പെടുത്തി.

ചിലരുടെ പക്വതയില്ലാത്ത പ്രസ്താവനകളാണ് തോൽവിയിലേക്ക് നയിച്ചതെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്ക് പക്വതയില്ലാത്തത് ജോസ് കെ മാണിക്കാണെന്നായിരുന്നു ജോസഫിന്‍റെ മറുപടി. കെ എം മാണി 54 വർഷമായി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസിനേറ്റ പരാജയം ജോസഫ്- ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര് വർദ്ധിത വീര്യത്തോടെ പുറത്തെത്തിച്ചിരിക്കുകയാണ്. വരുന്ന ഉപതരെഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം നിര്‍ത്തണമെന്ന യുഡിഎഫ് നിര്‍ദേശമുണ്ടെങ്കിലും ഇരു കൂട്ടരും അതൊക്കെ കാറ്റില്‍പ്പറത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ് വിഭാഗം. തോല്‍വി ജോസ് കെ മാണിയുടെ തലയില്‍ കെട്ടി വച്ച് പാലയില്‍ ജോസ് പക്ഷത്തിലെ ചിലരെ ഒപ്പം നിര്‍ത്താൻ ജോസഫ് ആലോചിക്കുന്നു. ജോസഫിനെതിരെ യുഡിഎഫില്‍ പരാതി ഉന്നയിക്കാനുള്ള തെളിവ് ശേഖരണത്തിലാണ് ജോസ് പക്ഷം. ജോസഫിന്‍റെ കാലുവാരലിനൊപ്പം ചില കോണ്‍ഗ്രസ് നേതാക്കളും ഒപ്പം കൂടിയെന്ന് ജോസ് പക്ഷം വിശ്വസിക്കുന്നു.

ഉറപ്പുള്ള പഞ്ചായത്തുകളിലെ തിരിച്ചടിയോ സംഘടനാ ദൗര്‍ബല്യമോ  ജോസ് കെ മാണിയോടുള്ള പ്രാദേശിക എതിര്‍പ്പോ ചർച്ച ചെയ്യുന്നതിന് പകരം വീണ്ടും ഗ്രൂപ്പ് പോരിലെ തര്‍ക്കങ്ങളിലേക്ക് പോകുകയാണ് കേരളാ കോണ്‍ഗ്രസ്.

Follow Us:
Download App:
  • android
  • ios