കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് കാല്‍ ലക്ഷം പ്രവാസികളെക്കൂടി പിരിച്ചുവിടും. സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായുള്ള പുതിയ തീരുമാനം മാനവവിഭവശേഷി വികസനത്തിനായുള്ള പാര്‍ലമെന്ററി കമ്മിറ്റി പ്രസിഡന്റ് ഖലീല്‍ അല്‍സ്വാലിഹാണ് അറിയിച്ചത്. 

പൊതുമേഖലയില്‍ നിന്ന് കൂടുതല്‍ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നയം വിശകലനം ചെയ്യാനായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഖലീല്‍ അല്‍ സ്വാലിഹ് പുതിയ തീരുമാനം അറിയിച്ചത്. മാനവവിഭവശേഷി മന്ത്രാലയത്തിലെയും സിവില്‍ സര്‍വീസ് വകുപ്പിലെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകളില്‍ നിന്നായിരിക്കും കാല്‍ ലക്ഷം പ്രവാസികളെ പിരിച്ചുവിടുന്നത്.  കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇങ്ങനെ പൊതുമേഖലയില്‍ നിന്ന് 4,640 സ്വദേശികളെ പിരിച്ചുവിടുകയും പകരം സ്വദേശികളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

6000 കുവൈത്തികളാണ് നിലവില്‍ തൊഴിലിനായി സിവില്‍ സര്‍വീസ് വകുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ഉടന്‍ തന്നെ നിയമനം നല്‍കും. 1500 പേര്‍ക്ക് ബാങ്കിങ് മേഖലയിലും നിയമനം ഉറപ്പാക്കും. ഇതിനുപുറമെ പുതിയതായി പഠിച്ച് പുറത്തിറങ്ങുന്ന സ്വദേശികളുടെ കൂടി എണ്ണം കണക്കാക്കിയാണ് 25,000 പ്രവാസികളെ പുറത്താക്കുന്നത്. 2017ല്‍ 3140 വിദേശികളെയും 2018ല്‍ 1500 വിദേശികളെയുമാണ് കുവൈത്തിലെ പൊതുമേഖലയില്‍ നിന്ന് പുറത്താക്കിയത്.