ദുബായ്: യുഎഇയില്‍ ഇന്ന് 294 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, കൊവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. 24 മണിക്കൂര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ദുബായി നിശ്ചലമായ അവസ്ഥയിലാണ്. താമസ വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഒഴിവാക്കി.

യുഎഇയിലെ താമസ വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഒഴിവാക്കാന്‍ ഇന്നു ചേര്‍ന്ന യുഎഇ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. കൊവിഡ് യാത്രാവിലക്ക് കാരണം വിസാകാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്കു തീരുമാനം ആശ്വാസം പകരും.

കൊവിഡിന്റെ പശ്ചാതലത്തില്‍ അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. നിലവിലെ വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുതിന്റെ ഭാഗമായി ദുബായിലേര്‍പ്പെടുത്തിയ 24 യാത്രാവിലക്കിന്റെ ആദ്യ ദിനം നഗരം നിശ്ചലമായി.

ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ പെര്‍മിറ്റ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.