Asianet News MalayalamAsianet News Malayalam

സൗദിയിൽ 51 പേര്‍ക്ക് കൂടി കൊവിഡ്; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴ

പുതിയതായി സ്ഥിരീകരിച്ച രോഗികളിൽ 18 പേർ റിയാദിലാണ്. 12 പേർ മക്കയിലും. താഇഫിൽ ആറ്, ബീശയിൽ അഞ്ച്, ദമ്മാമിലും ഖത്വീഫിലും മൂന്ന് വീതം, ജീസാനിൽ രണ്ട്, നജ്റാൻ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. 

51 confirmed cases of covid 19 coronavirus reported in saudi arabia
Author
Riyadh Saudi Arabia, First Published Mar 23, 2020, 11:21 PM IST

റിയാദ്: സൗദി അറേബ്യയിൽ 51 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 562 ആയി. രണ്ടുപേർ കൂടി തിങ്കളാഴ്ച സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 19 ആയി. പുതിയതായി സ്ഥിരീകരിച്ച രോഗികളിൽ 18 പേർ റിയാദിലാണ്. 12 പേർ മക്കയിലും. താഇഫിൽ ആറ്, ബീശയിൽ അഞ്ച്, ദമ്മാമിലും ഖത്വീഫിലും മൂന്ന് വീതം, ജീസാനിൽ രണ്ട്, നജ്റാൻ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്നു മുതൽ നിലവിൽ വന്നു. വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറു വരെ 21 ദിവസത്തേക്കാണ് കർഫ്യൂ  പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് അടിയന്തര ഘട്ടത്തിലല്ലാതെ പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. 20 ദിവസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അവശ്യ സർവീസുകളെ നിരോധനാജ്ഞയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പെട്രോൾ പമ്പുകൾ, അടിയന്തിര ഘട്ടങ്ങളിലെ വൈദ്യുതി സേവനങ്ങൾ, സൂപ്പർമാർക്കറ്റ്, പച്ചക്കറിക്കട, ബേക്കറി, ഇറച്ചിക്കട എന്നിവയെ കർഫ്യൂവിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഹോസ്പിറ്റൽ, ക്ലിനിക്, ഫാര്‍മസി, ലബോറട്ടറി, മെഡിക്കൽ ഉപകരണങ്ങളുടെ ഫാക്ടറി,  ഫർണിഷെഡ് അപ്പാർട്മെന്റ്, ഹോട്ടൽ എന്നിവയ്ക്കും കർഫ്യൂ ബാധകമല്ല. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്ത് വെള്ളവും ഭക്ഷ്യ ധാന്യങ്ങളും സുലഭമാണെന്ന് അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios