Asianet News MalayalamAsianet News Malayalam

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 51 വയസുകാരന്‍; ഒറ്റ ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ചൊവ്വാഴ്ച പുതുതായി സ്ഥിരീകരിച്ചത് 205 പേർക്കാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 767 ആയി. ഒറ്റ ദിവസം ഇത്രയും കൂടുതൽ രോഗികളുടെ വിവരം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജിദ്ദയിൽ നിന്നാണ്

51 year old foreigner died in saudi arabia due to coronavirus covid 19
Author
Riyadh Saudi Arabia, First Published Mar 24, 2020, 11:51 PM IST

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആദ്യ മരണം. മദീനയിൽ താമസിക്കുന്ന അഫ്ഗാൻ പൗരനാണ് മരിച്ചത്. 51 വയസുള്ള അയാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ചൊവ്വാഴ്ച പുതുതായി സ്ഥിരീകരിച്ചത് 205 പേർക്കാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 767 ആയി. ഒറ്റ ദിവസം ഇത്രയും കൂടുതൽ രോഗികളുടെ വിവരം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജിദ്ദയിൽ നിന്നാണ്, 82. റിയാദിൽ 69, അൽബാഹയിൽ 12, ബീശയിലും നജ്റാനിലും എട്ട് വീതം, അബഹയിലും ഖത്വീഫിലും ദമ്മാമിലും ആറ് വീതം, ജീസാനിൽ മൂന്ന്, അൽഖോബാർ, ദഹ്റാൻ എന്നിവിടങ്ങളിൽ രണ്ട് വീതം, മദീനയിൽ ഒന്നും രോഗികളാണ് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

ചൊവ്വാഴ്ച ഒമ്പത് പേർ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 28 ആയി. പുതിയ കേസുകളിൽ 119 പേർ വിദേശത്ത് നിന്ന് സൗദിയിൽ തിരിച്ചെത്തിയ ആളുകളാണ്. ബാക്കി 86 കേസുകൾ നേരത്തെ രോഗം ബാധിച്ചവരിൽ നിന്ന് പകർന്നതാണ്. ചികിത്സയിൽ കഴിയുന്നവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അതേസമയം ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ആളുകൾ കൂട്ടം കൂടരുതെന്നും പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios